• June 15, 2021

തൂത്തുക്കുടി ഇരട്ടക്കൊല: പൊലീസുകാരെ ജയിലിൽ സംഘമായി തല്ലി തടവുകാർ

 തൂത്തുക്കുടി ഇരട്ടക്കൊല: പൊലീസുകാരെ ജയിലിൽ സംഘമായി തല്ലി തടവുകാർ

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽ തടവുപുള്ളികളുടെ മർദനം. ഇന്നലെ വൈകിട്ടാണ്  തൂത്തുക്കുടി പെരൂറാനി ജയിലിൽവച്ച് പ്രതികളായ പൊലീസുകാരെ തടവുകാർ സംഘം ചേർന്ന് മർദിച്ചത്. അക്രമം രൂക്ഷമായതോടെ ജയിൽ അധികൃതരെത്തി പൊലീസുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇനിയും അക്രമം ഉണ്ടായേക്കുമെന്ന സംശയത്തെ തുടർന്ന് പ്രതികളെ മധുരെ ജയിലിലേക്ക് മാറ്റി.

അതേസമയം കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി സിബിസിഐഡി ഐജി കെ.ശങ്കർ. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 5 ‌പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു അടുത്തയാഴ്ച കോടതിയിൽ അപേക്ഷ നൽകും. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്ന് ശങ്കർ പറഞ്ഞു.

സാത്താൻകുളം സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധർ, എസ്ഐമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ്, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവർ ജയിലിലാണ്. ഇവരെ സുരക്ഷാ മുൻകരുതലെന്ന നിലയിൽ മധുര സെൻട്രൽ ജയിലിലേക്കു മാറ്റി. അതേസമയം, ശ്രീധറുമായി തനിക്കു ബന്ധമില്ലെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കടമ്പൂർ രാജു പറഞ്ഞു. ഭരണ മുന്നണി ശ്രീധറിനെ രക്ഷിക്കാനായി ഇടപെട്ടുവെന്ന ആരോപണം ഉയർന്നിരുന്നു.

Related post