• August 2, 2021

ബലാത്സംഗങ്ങളും അക്രമങ്ങളും; യുപിയില്‍ സര്‍ക്കാര്‍ ഉറങ്ങുകയാണോയെന്ന് പ്രിയങ്ക

 ബലാത്സംഗങ്ങളും അക്രമങ്ങളും; യുപിയില്‍ സര്‍ക്കാര്‍ ഉറങ്ങുകയാണോയെന്ന് പ്രിയങ്ക

ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി. രാജ്യത്തു സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നും മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ബലാത്സംഗത്തിനു ഇരയായാല്‍ യുപിയില്‍ ജീവിക്കുക ദുഷ്‌കരമാണ്. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. അവര്‍ കുറ്റവാളികള്‍ക്ക് ഒപ്പമാണ്. ഉന്നാവില്‍ ഇരയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
ബലാത്സംഗത്തിന് കേസ് കൊടുത്തതിന്‌റെ പകയില്‍ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ രാത്രി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ യുവതിക്ക രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


അതിനിടെ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. പ്രധാന പ്രതികളായ ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരുടെ കുടുംബമാണ് ഈ ആവശ്യം ഉന്നയിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും ഇവര്‍ പ്രതികളാണ്. ഇരുവരെയും കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ വാദം.
യുപിയില്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളില്‍ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധാനം നില നിര്‍ത്തുക എന്നുള്ളത് സര്‍ക്കാരിന്‌റെ ഉത്തരവാദിത്തമാണ്. യുപിയിലെ മെയ്ന്‍പൂരിലെയും സമ്പലിലെയും അവസ്ഥ ഭയാനകമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. ഇത് തടയാന്‍ സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ് എന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Related post