• November 30, 2021

രാജ്യമെങ്ങും പ്രതിഷേധം, ഡല്‍ഹി അതീവ ജാഗ്രതയില്‍, യു.പിയില്‍ മരണം 11 , മധ്യപ്രദേശില്‍ നിരോധനാഞ്ജ, ബീഹാറില്‍ ആര്‍ജെഡി ബന്ദ് ,മാംഗളൂരില്‍ നിരോധനാഞ്ജ തുടരുന്നു,കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം,

 രാജ്യമെങ്ങും പ്രതിഷേധം, ഡല്‍ഹി അതീവ ജാഗ്രതയില്‍, യു.പിയില്‍ മരണം 11 , മധ്യപ്രദേശില്‍ നിരോധനാഞ്ജ, ബീഹാറില്‍ ആര്‍ജെഡി ബന്ദ് ,മാംഗളൂരില്‍ നിരോധനാഞ്ജ തുടരുന്നു,കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം,

പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നു. ഉത്തര്‍ പ്രദേശിലും,ഡല്‍ഹിയിലും,കര്‍ണാടകയിലും ,മധ്യപ്രദേളിലും പരക്കെ ആക്രമണം .ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ മരണം പതിനൊന്നായി.
ഡല്‍ഹി ഗേറ്റില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി. മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.
ഓള്‍ഡ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടര്‍ന്ന് പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.


കുട്ടികളടക്കം 42 പേരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിട്ടയച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആസാദിന്റെ നേതൃത്വത്തില്‍ ആളുകള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് ജനങ്ങളാണ് ജുമാ മസ്ജിദില്‍ തടിച്ചുകൂടിയത്. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നാല് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ദര്യഗഞ്ജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെ കുട്ടികളുള്‍പ്പെടെ നാല്‍പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒമ്ബത് കുട്ടികളെ വിട്ടയച്ചു. മാതാപിതാക്കള്‍ എത്തിയാലെ കുട്ടികളെ വിട്ടയക്കൂവെന്ന നിലപാടിലായിരുന്നു പൊലീസ്. ഡല്‍ഹി മെട്രോയുടെ 17 സ്റ്റേഷനുകള്‍ അടച്ചു. തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്. ഇതിനു പിന്നാലെ രാജ്യതലസ്ഥാനം വന്‍ ഗതാഗതക്കുരുക്കിലമര്‍ന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മരണസഖ്യ പത്തായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. മീററ്റില്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും കത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അലിഗഡിലും മീററ്റിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടന്ന പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. 3500 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.യുപിയിലെ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്.
ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്കും കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച പൊലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജബല്‍പൂരില്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. വെള്ളിയാഴ്ച 44 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദ് ആരംഭിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആര്‍ജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇടത് പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ഇന്ന് വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തും.

Related post