• July 28, 2021

പൗരത്വഭേദഗതി നിയമം : കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

 പൗരത്വഭേദഗതി നിയമം : കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം


പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ വേദിക്ക് സമീപം പ്രതിനിധികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. നേരത്തെ യു.ഡി.എഫ് പ്രവര്‍ത്തകരും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. പ്രതിഷേധം അക്രമാസക്തമാകരുത്, സമാധാനപരമാകണമെന്നും ഈ വിഷയത്തില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ സംവാദം നടത്താമെന്ന് പറഞ്ഞുകൊണ്ട് പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാര്‍ഥികളും എഴുന്നേല്‍ക്കുകയും ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രതിനിധികളെയും വിദ്യാര്‍ഥികളെയും പുറത്തേക്കു കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും സംഘാടകര്‍ തടഞ്ഞു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് തന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ലെന്നും കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related post