• October 23, 2021

രാജ്യം സമരമുഖരിതം , നിരവധി പേര്‍ അറസ്റ്റില്‍ , കര്‍ണാടകയില്‍ നിരോധനാഞ്ജ, ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു , ഇന്റര്‍നെറ്റ് സംവിധാനം വിഛേദിച്ചു

 രാജ്യം സമരമുഖരിതം , നിരവധി പേര്‍ അറസ്റ്റില്‍ , കര്‍ണാടകയില്‍ നിരോധനാഞ്ജ, ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു , ഇന്റര്‍നെറ്റ്  സംവിധാനം വിഛേദിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു. ചെങ്കോട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി. വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ച മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദും അറസ്റ്റിലായിട്ടുണ്ട്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യാദവ് പൊലീസിനൊപ്പം പോയത്. ഡല്‍ഹിയില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.

കര്‍ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും വ്യാപകമായി അറസ്റ്റ് നടക്കുകയാണ്. പ്രതിഷേധത്തിന് മുന്നില്‍ ഉണ്ടായിരുന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവിനെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തു. എല്ലായിടത്തും പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.തമിഴ്നാട് കൂടല്ലൂരില്‍ വിമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളെയും രാമനാഥപുരം സയീദ് കോളേജിലെ വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
പല സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വോയിസ് കോളുകളും എസ്എംഎസ് സേവനങ്ങളും വിച്ഛേദിക്കാന്‍ സര്‍ക്കാറില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി എയര്‍ടെല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കര്‍ണാടകയില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു മദ്രാസ് സര്‍വകലാശാലയ്ക്ക് പുറമെ ചെന്നൈയില്‍ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞിരുന്നു.പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്തിരുന്ന വിദ്യാര്‍ഥികളെ അര്‍ധരാത്രി പൊലീസ് അറസ്റ്റ് ചെയ്തു. 13 പെണ്‍കുട്ടികള്‍ അടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ ക്യാമ്ബസിനകത്ത് കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹി മെട്രോയുടെ 14 സ്റ്റേഷനുകളും അടച്ചു. ജാമിയ മിലിയ, ജമാ മസ്ജിദ്, മുന്റുക എന്‍ട്രി, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

കേരളത്തിലും വന്‍പ്രതിഷേധങ്ങളാണ് നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി സമരക്കാരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഉത്തര്‍പ്രദേശും ഗുജറാത്തും, കര്‍ണാടകവുമടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഉത്തര്‍പ്രദേശിലെ സാംഭലില്‍ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ ബസ്സ് കത്തിച്ചു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ സ്ഥിതി നിയന്ത്രണാതീതമാണ്. വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടകയില്‍ ടൗണ്‍ഹാളിനു മുമ്പില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.

Related post