• December 3, 2021

പ്രതിഷേധ ചൂടില്‍ രാജ്യം!!

 പ്രതിഷേധ ചൂടില്‍ രാജ്യം!!

എന്താണ് രാജ്യം ചര്‍ച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ല്. അനുകൂലിച്ചും എതിര്‍ത്തും രാജ്യം കത്തി അമരുകയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലും ലോകസഭയിലും രാജ്യസഭയിലും ബില്ല് പാസായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്‌ക്കേറ്റ ആഘാതമായാണ് പൗരത്വ ഭേദഗതി ബില്ലിനെ പ്രതികൂലികള്‍ കാണുന്നത്. എന്തായിരിക്കാം പൗരത്വ ഭേദഗതി ബില്ലിനെ ഇത്രയും വിവാദപരമായ വിഷയമാക്കി മാറ്റിയത്.
വ്യത്യസ്ത ജാതി-മത-സംസ്‌കാര-രാഷ്ട്രീയ വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യ എന്ന മഹാരാജ്യം. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതും ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്നുള്ളതാണ്. ഇതുതന്നെയാണ് ഇന്ത്യയേയും ഇന്ത്യന്‍ ഭരണഘടനയേയും വാനോളം ഉയര്‍ത്തിയ ഘടകവും. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്മേല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ മഹാരാജ്യത്തില്‍ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നതാണ് ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കാന്‍ കാരണമായിരിക്കുന്നത്.
1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, ബില്ലില്‍ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് ആറ് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. 1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയില്‍ ജനിച്ച വ്യക്തിക്കോ മാതാപിതാക്കള്‍ ഇന്ത്യന്‍ സ്വദേശികളായവര്‍ക്കോ, ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ ജീവിച്ച് വളര്‍ന്ന വ്യക്തിക്കോ ആണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരനാകാന്‍ കഴിയില്ല. ഇതാണ് നിലവില്‍ ഭേദഗതി ചെയ്യുന്നത്. മതത്തിന്റെ പേരില്‍ സ്വന്തം രാജ്യവിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടിയാണ് ബില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ വന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദേശങ്ങള്‍ക്ക് ഈ ബില്‍ ബാധകമാകില്ല.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് തണലാണ് ഈ ബില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബില്‍ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബില്‍ ചരിത്ര പരമാണെന്നും അമിത് ഷായും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബില്‍ സംരക്ഷണം ഒരുക്കുന്നില്ല എന്നതാണ് ഈ ബില്‍ അംഗീകരിക്കാതിരിക്കാനുള്ള പ്രധാന കാരണം.
ഇത് തികച്ചും മനുഷ്യത്വപരമാണെന്ന സര്‍ക്കാര്‍ പക്ഷവും ചോദ്യം ചെയ്യപ്പെടുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പൗരത്വത്തിന് മതം മാനദണ്ഡമാക്കി, ഇന്ത്യന്‍ പാരമ്പര്യത്തിന് കളങ്കമേല്‍പ്പിക്കുന്ന നഗ്നമായ ഈ വിവേചനത്തിനെതിരായാണ് രാജ്യം പ്രതിഷേധിക്കുന്നത്. ഇസ്ലാം മത വിശ്വാസികള്‍ ഒഴികെയുള്ള മതവിഭാഗത്തിന് പരിഗണന നല്‍കിയുള്ള ഈ ബില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനം കൂടിയാണ്.
2014 ലെയും 2019 ലെയും ബിജെപിയുടെ തെരെഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. അസമിലെ ജനങ്ങളുടെ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേരാണ് പുറത്തായത്. ഇത് ദേശീയ തലത്തിലും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അന്തിമ പട്ടിക തയ്യാറായില്ലെങ്കിലും അനധികൃത കുടിയേറ്റക്കാരായാണ് സര്‍ക്കാര്‍ ഇവരെ കാണുന്നത്. ഇതില്‍ 28 ലക്ഷം ഹിന്ദുക്കളും 10 ലക്ഷം മുസ്ലിംകളും ബാക്കി മറ്റുവിഭാഗക്കാരുമാണ്. നിലവിലെ ഭേദഗതിയില്‍ മുസ്ലീം വിഭാഗത്തിനെ പരാമര്‍ശിക്കാത്തതിനാല്‍ അവരുടെ ഭാവി എന്തെന്നതില്‍ വ്യക്തമായ ഉത്തരമില്ല. ഇന്ത്യപോലൊരു മതേതര രാജ്യത്ത് പൗരത്വം നല്‍കുന്നതിന് മതം മാനദണ്ഡമാകുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന പ്രതിപക്ഷ വിലയിരുത്തലും അത്ര എളുപ്പത്തില്‍ തള്ളി കളയാവുന്ന ഒന്നല്ല.

Related post