• May 13, 2021

ആയത്തുള്ള ഖമയാനി രാജിവെയ്ക്കണം; പ്രതിഷേധം ശക്തം

 ആയത്തുള്ള ഖമയാനി രാജിവെയ്ക്കണം; പ്രതിഷേധം ശക്തം

മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ വിമാനം തകര്‍ന്നതില്‍ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ കുറ്റസമ്മതത്തിന് പിന്നാലെ തലസ്ഥാന നഗരിയായ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ളവര്‍ ഒത്തുകൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രതിഷേധം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് പ്രസിഡിന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, വിമാനം തകര്‍ത്തതില്‍ അന്വേഷണം സുതാര്യമായിരിക്കണമെന്ന് യുക്രെയ്‌നും കാനഡയും ആവശ്യപ്പെട്ടു. വസ്തുനിഷ്ടമായ അന്വേഷണത്തിലൂടെ കൊല്ലപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതിലഭ്യമാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ഈമാസം എട്ടിനാണ് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന ബോയിങ് 737 വിമാനം മിസൈലേറ്റ് തകര്‍ന്നു വീണത്. കൊല്ലപ്പെട്ടവരില്‍ 82 പേര്‍ ഇറാനികളും 57 പേര്‍ കാനഡക്കാരും 11 യുക്രെയിന്‍കാരുമാണ്.

Related post