• October 23, 2021

കോവിഡ് പ്രതിരോധം: അടിയന്തിരമായി 276 ഡോക്ടര്‍മാരെ നിയമിക്കും

 കോവിഡ് പ്രതിരോധം: അടിയന്തിരമായി 276 ഡോക്ടര്‍മാരെ നിയമിക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ 276 ഡോക്ടര്‍മാരെ പിഎസ്‌സി വഴി അടിയന്തിരമായി നിയമിക്കും. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കാണ് നിയമനം. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു. എല്ലാവര്‍ക്കും അഡ് വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍ക്കണ്ട് ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇവയിലെല്ലാം കൂടി 6,000ത്തോളം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ 21,866 പേരെ ഒരേസമയം താമസിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്.

Related post