• October 17, 2021

കൊറോണ പരിശോധനയ്ക്ക് കിറ്റ്; റെക്കോർഡ് നേട്ടവുമായി പൂനെ കമ്പനി

 കൊറോണ പരിശോധനയ്ക്ക് കിറ്റ്; റെക്കോർഡ് നേട്ടവുമായി പൂനെ കമ്പനി

കൊറോണാവൈറസ് രോഗം സംശയിക്കുന്ന ആളുകളുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ലാബുകളുടെ എണ്ണക്കുറവും ഫലം ലഭിക്കുന്നതിനെടുക്കുന്ന കാലതാമസവും രോഗപ്രതിരോധപ്രവർത്തനങ്ങളെ തുടക്കം മുതൽ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. തദ്ദേശീയമായി കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെട്ടു. ഇതിന്റെ വാണിജ്യപരമായ ഉപയോഗത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരവും നൽകി.
കിറ്റുകൾ ആറ് ആഴ്ചയെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് വികസിപ്പിച്ചെടുത്തത്. പരിശോധനാ ചെലവ് നിലവിലേതിന്റെ നാലിലൊന്നായി കുറയുമെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്ഥാപനത്തിന് തങ്ങളുടെ ഉത്പന്നത്തിന്റെ വാണിജ്യപരമായ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്. “കമ്പനിക്ക് പൂനെ ജില്ലയിലെ ലോണാവാലയിലുള്ള നിർമ്മാണശാലയിൽനിന്ന് പ്രതിദിനം 15,000 ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ കഴിയും. ഇത് പ്രതിദിനം 25,000 കിറ്റുകൾ വരെ ആക്കി കൂട്ടാം, ” കമ്പനി സഹസ്ഥാപകൻ ശ്രീകാന്ത് പട്ടോൾ പറഞ്ഞു.
മാർച്ച് 21വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ 14,811 പേരെ മാത്രമേ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയിട്ടുള്ളു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റിംഗ് നിരക്കുകളിലൊന്നാണിത്.
‘മൈലാബ് പാത്തോ ഡിറ്റക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പി‌സി‌ആർ’ ഉപയോഗിച്ച് 2.5 മണിക്കൂറിൽ ടെസ്റ്റ്‌ ഫലം അറിയാം. നിലവിൽ ഫലം ലഭിക്കാൻ 6-8 മണിക്കൂർ എടുക്കും. സ്ക്രീനിംഗ്, സ്ഥിരീകരണം എന്നീ ജോലികൾ ഈ കിറ്റുകൾ ഒരേസമയം നിർവഹിക്കുന്നതിനാൽ സമയം ലാഭിക്കാം,”പട്ടോൾ പറഞ്ഞു.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) തയ്യാറാക്കിയ കിറ്റുകളാണ് ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന ആശങ്കയാണ് നിർമ്മാണത്തിൽ സ്വകാര്യമേഖലയുടെ ഇടപെടൽ ആവശ്യമായി മാറ്റിയതെന്നും പട്ടോൾ വിശദീകരിച്ചു.
സ്‌ക്രീനിംഗും സ്ഥിരീകരണവും ഉൾപ്പടെ എൻ‌ഐ‌വി നടത്തുന്ന ടെസ്റ്റുകൾക്ക് ഒരു സാമ്പിളിന് 4,500 രൂപ വരെ വിലവരും. ആ ചെലവിന്റെ നാലിലൊന്ന് വിലയ്ക്ക് കിറ്റുകൾ വിൽക്കാമെന്ന് മൈലാബ്സിന് വിശ്വാസമുണ്ട്, ” പട്ടോൾ പറഞ്ഞു.

Related post