• October 26, 2021

2022 ലോകകപ്പ് ഫുട്‌ബോള്‍; ഖത്തറും ഫിഫയും സുസ്ഥിര നയം പ്രഖ്യാപിച്ചു

 2022 ലോകകപ്പ് ഫുട്‌ബോള്‍; ഖത്തറും ഫിഫയും സുസ്ഥിര നയം പ്രഖ്യാപിച്ചു

2022 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി ആതിഥേയരായ ഖത്തറും ഫിഫയും ചേര്‍ന്നു സുസ്ഥിര നയം പ്രഖ്യാപിച്ചു. ലോകകപ്പ് എല്ലാതലത്തിലും വിജയകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ച് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം പ്രഖ്യാപിച്ചത്. 2022 ല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായാണ് സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഫിഫയും ചേര്‍ന്നു സുസ്ഥിര നയം പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ലോകകപ്പ് കാണാനെത്തുന്നവര്‍ക്കു ഏറ്റവും മികച്ച കാഴ്ച ഒരുക്കുക, സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുക, ടൂര്‍ണമെന്റ് പരിസ്ഥിതി സൌഹാര്‍ദപരമായിരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക, നല്ല നടത്തിപ്പും ധാര്‍മികതയുള്ള വാണിജ്യരീതികളും നടപ്പാക്കുക തുടങ്ങിയവയാണ് അഞ്ച് പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നയം അനുസരിച്ച് തൊഴിലാളി ക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിവേചനമില്ലായ്മ തുടങ്ങിയവ ഉറപ്പുവരുത്തിയാണ് ലോകകകപ്പിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്നു ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സമൌറ പറഞ്ഞു. ഖത്തറിനും അറബ് ലോകത്തിനും ദീര്‍ഘനാളത്തേക്കുള്ള സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനു ടൂര്‍ണമെന്റ് സഹായകരമാകുമെന്നു ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിന് ചെയര്‍മാന്‍ ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോളിനു ഖത്തര്‍ വേദിയാകുന്നത്

Related post