• August 2, 2021

ഒടുവില്‍ രാജ്ഞി തീരുമാനിച്ചു, ഹാരിക്കും മേഗനും കൊട്ടാരത്തില്‍ നിന്നും പുറത്തുപോവാം

 ഒടുവില്‍ രാജ്ഞി തീരുമാനിച്ചു, ഹാരിക്കും മേഗനും കൊട്ടാരത്തില്‍ നിന്നും പുറത്തുപോവാം

രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അനുമതി. രാജകുടുംബാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം മുതിര്‍ന്ന രാജകുടുംബാംഗങ്ങളുടെ യോഗം വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്താണ് ക്രിയാത്മകമായ തീരുമാനത്തില്‍ എത്തിയതെന്ന് ബ്രിട്ടീഷ് രാജ്ഞി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരുവരും ചുമതലകള്‍ ഒഴിഞ്ഞാലും രാജകുടുംബാംഗങ്ങളെന്ന സ്ഥാനത്ത് തന്നെ തുടരും.

രാജകീയചുമതലകള്‍ ഒഴിയുന്നതിനുളള നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കും. അതുവരെ ഹാരിയും മേഗനും ബ്രിട്ടനിലും കാനഡയിലുമായി ചെലവഴിക്കും. ഇതിനിടയില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു.

ജ്യേഷ്ഠന്‍ വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാന്‍ സസക്‌സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചത്. ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമണ്‍വെല്‍ത്തിനോടുമുള്ള കടപ്പാട് നിലനിര്‍ത്താന്‍ ഏതാനും ചില രാജകീയ ചുമതലകള്‍ മാത്രം തുടര്‍ന്നു വഹിക്കുമെന്നുമാണു ഹാരി രാജകുമാരന്‍ പറഞ്ഞത്. സംഭവത്തില്‍ രാജ്ഞി കടുത്ത നീരസത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related post