• October 23, 2021

കോവിഡ് മോനും കൊറോണ മോളും!

 കോവിഡ് മോനും കൊറോണ മോളും!

കൊറോണാവൈറസ് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തെ മുൻനിർത്തി എവിടെയും അരുതുകളും വിലക്കുകളും അടച്ചുപൂട്ടലുകളും. എന്നാൽ ഛത്തീസ്ഗഢിലെ ദമ്പതികൾക്ക് അവരുടെ ഇരട്ടക്കുട്ടികൾക്ക് ‘കൊറോണ’ എന്നും ‘കോവിഡ്’ എന്നും പേരിടാൻ കൊറോണപ്പേടി തടസ്സമായില്ല.
ഈ രണ്ടു വാക്കുകളും മറ്റുള്ളവരുടെ മനസ്സിൽ ഭയം ജനിപ്പിക്കുമ്പോൾ റായ്പൂർ ദമ്പതികൾക്ക് അവ യാതനകൾക്കുമേൽ നേടിയ വിജയത്തിന്റെ പ്രതീകമാണ്. ഇരട്ടകൾ – ആൺകുട്ടിയും പെൺകുട്ടിയും – ജനിച്ചത് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട സമയത്താണ്. അടച്ചുപൂട്ടൽ നാളുകളിൽ പൊരുതിത്തോൽപ്പിച്ച കഷ്ടപ്പാടിന്റെ ഓര്മപ്പെടുത്തലാകും കുട്ടികളുടെ പേരുകളെന്ന് അവർ പറഞ്ഞു.
റായ്‌പൂരിലുള്ള ഒരു സർക്കാർ ആശുപത്രിയിലാണ് മാതാവ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
“മാർച്ച് 27 ന് പുലർച്ചെ എനിക്ക് ഇരട്ടക്കുട്ടികളെത്തന്നു ദൈവം അനുഗ്രഹിച്ചു. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ഞങ്ങൾ അവർക്ക് കോവിഡ് (ആൺകുട്ടി) എന്നും കൊറോണ (പെൺകുട്ടി) എന്നും നാമകരണം ചെയ്തു. നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാൽ ഞാനും എന്റെ ഭർത്താവും ആ ദിവസം അവിസ്മരണീയമാക്കാൻ ആഗ്രഹിച്ചു,” നവജാതശിശുക്കളുടെ അമ്മ 27 വയസുള്ള പ്രീതി വർമ്മ പറഞ്ഞു.
“തീർച്ചയായും ഈ വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. എന്നാൽ ഈ രോഗത്തിന്റെ ആഗമനത്തിനു ശേഷം ആൾക്കാർ വൃത്തി, ശുചിത്വം, എന്നിവ ശീലിക്കാൻ തുടങ്ങി. അതിനാലാണ് ഞങ്ങൾ ഈ പേരുകളെക്കുറിച്ച് ചിന്തിച്ചത് ,” പ്രീതി തങ്ങളുടെ അസാധാരണമായ തീരുമാനത്തിനുള്ള കാരണങ്ങൾ നിരത്തി.
“ആശുപത്രി ജീവനക്കാരും കുഞ്ഞുങ്ങളെ കൊറോണ, കോവിഡ് എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ ആ പേരുകൾ ഉറപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” അവർ കൂട്ടിച്ചേർത്തു.

Related post