• October 28, 2021

തലൈവര്‍ക്ക് ഇന്ന്‌ 69-ാം പിറന്നാള്‍

 തലൈവര്‍ക്ക് ഇന്ന്‌ 69-ാം പിറന്നാള്‍

ശിവാജി റാവു ഗെയ്ക്ക്വാദിന് ഇന്ന് അറുപത്തിയൊന്‍പതാം പിറന്നാള്‍. ആരാണ് ഈ വിശിഷ്ട താരം എന്നല്ലേ.. മറ്റാരുമല്ല തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തലൈവന്‍’ രജനികാന്തിന്റെ പിറന്നാള്‍ ആണ് ഇന്ന്. പ്രിയ നായകന്റെ ജന്മദിനം ആഘോഷമാക്കി കൊണ്ടാടാന്‍ ആരധാകരും തയ്യാറെടുത്തു കഴിഞ്ഞു. രജനി ഫാന്‍ മണ്ട്രങ്ങള്‍ വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേക്ക് പദ്ധതിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിറന്നാല്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ തലൈവര്‍ രജനികാന്ത് ഏറ്റവും പുതിയ ചിത്രമായ ‘ദര്‍ബാര്‍’ റിലീസ് കാത്തിരിക്കുകയാണ്.

ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനികാന്തിന്‌റെ ജീവിതം സിനിമയെ വെല്ലുന്നതാണ്. സിനിമയോടുള്ള അഭിനിവേശം ഇന്നാ മനുഷ്യനെ ഉയരങ്ങളില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.
കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.


ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു.

പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശിവാജി കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസില്‍ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.
ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയില്‍ മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍കൈയ്യെടുത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നു. വെള്ളിത്തിരയില്‍ മുഖം കാണിക്കുക എന്ന മോഹം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാന്‍ സുഹൃത്തായ രാജ് ബഹാദൂര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.
1980-കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.
നായകന്‍ എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ വളര്‍ച്ചക്ക് കരുത്തായത്.


ഖുദ്-ദാര്‍, നമക് ഹലാല്‍, ലവാരീസ്, ത്രിശൂല്‍, കസ്‌മേ വാദേ തുടങ്ങിയ ബച്ചന്‍ ചിത്രങ്ങള്‍ പഠിക്കാത്തവന്‍, വേലൈക്കാരന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, ധര്‍മത്തിന്‍ തലൈവന്‍ തുടങ്ങിയ പേരുകളില്‍ തമിഴില്‍ പുറത്തിറങ്ങി
രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.


എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോളും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.
ഇന്ന് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് രജനി.
രജനിയുടെ പിറന്നാള്‍ തമിഴ് ജനത കൊണ്ടാടുകയാണ്. അത്രയക്കും പ്രിയപ്പെട്ടതാണ് അവര്‍ക്ക് അവരുടെ തലൈവരെ.

Related post