• July 28, 2021

മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ പങ്കെടുക്കാന്‍ സ്‌റ്റെല്‍ മന്നനും

 മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ പങ്കെടുക്കാന്‍ സ്‌റ്റെല്‍ മന്നനും

ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.
ഡിസ്‌കവറി ചാനലിന്റെ പ്രശസ്തമായ പരിപാടിയായ മാന്‍ വെഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയിലാണ് രജനികാന്ത് പങ്കെടുക്കുന്നത്.
പരിപാടിയുടെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്. ഈ എപ്പിസോഡിലാണ് രജനി എത്തുന്നത്.

കഴിഞ്ഞ വര്‍ഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ വെച്ച് നടന്ന എപ്പിസോഡിലാണ് പ്രധാന മന്ത്രി പങ്കെടുത്തത്. ഏറ്റവും വലിയ റേറ്റിങ് നേടിയ എപ്പിസോഡായിരുന്നു അത്.
എന്നാല്‍ പരിപാടിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയര്‍ന്നിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഡിസ്‌കവറിയുടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യപ്പെടുക. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളില്‍ പരിപാടി കാണാം.

Related post