• October 26, 2021

മുത്തലാഖിനും , കാശ്മീര്‍ വിഷയത്തിനു പിന്നാലെ പൗരത്വ ഭേദഗതി ബില്ലും രാജ്യസഭ കടന്നു

 മുത്തലാഖിനും , കാശ്മീര്‍ വിഷയത്തിനു പിന്നാലെ പൗരത്വ ഭേദഗതി ബില്ലും  രാജ്യസഭ കടന്നു

എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും, നാടകീയമായ രംഗങ്ങള്‍ക്കും ശേഷം ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി.105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും .പ്രതിപക്ഷ എം.പിമാര്‍ അവതരിപ്പിച്ച വിവിധ ഭേദഗതികളില്‍ ചിലത് ശബ്ദവോട്ടോടെയും മറ്റു ചിലത് ഇലക്ട്രോണിക് വോട്ടോടെയും തള്ളിയിരുന്നു.44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി.99 അംഗങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വ്യക്തമാക്കിയപ്പോള്‍ നീക്കത്തെ എതിര്‍ത്ത് 124 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

അതേസമയം പൗരത്വഭേദഗതി ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയിട്ടുണ്ട് ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചിട്ടുണ്ട്.

പ്രക്ഷോഭം അക്രാമസക്തമായ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അര്‍ധസൈനികരെക്കൂടി വ്യോമമാര്‍ഗം എത്തിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളില്‍നിന്നുള്ള 50 കമ്ബനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിര്‍ത്തിമേഖലയില്‍നിന്നു പിന്‍വലിച്ചതാണ് ഇതില്‍ 20 കമ്ബനിയും. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്തു മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് ബില്‍. ഈ പട്ടികയില്‍ നിന്ന് മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതാണ് കടുത്ത എതിര്‍പ്പിന് കാരണമായത്.

ചരിത്രത്തിലെ സുപ്രധാന ദിനം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിവസം, ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യ സഭ പാസാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ധാര്‍മികതയ്ക്കും സുപ്രധാനമാണ് ഈ ദിനം. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ എംപിമാരേയും അഭിനന്ദിക്കുന്നു. വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ബില്ലാണിത്.

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം: സോണിയഗാന്ധി

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതികരിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വര്‍ഗീയ ശക്തികളുടെ വിജയമാണിതെന്നും ബില്‍ രാജ്യത്തെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.


ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പോരാടുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വിശ്വാസത്തിന് അതീതമായിട്ടാണ് ഇന്ത്യ പൗരത്വം നല്‍കിയിരുന്നത്. ഒരു വിഭാഗത്തിന്റെ അരക്ഷിതാവസ്ഥയും ഈ രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രരായി ഇരിക്കുന്ന കാലത്തോളം രാജ്യവും സ്വതന്ത്രമായി തുടരുമെന്നായിരുന്നു നമ്മുടെ കാഴ്ച്ചപ്പാടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Related post