• May 15, 2021

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് കേരളം; പൊടിപറത്തി ജലജ് സക്‌സേന

 രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് കേരളം; പൊടിപറത്തി ജലജ് സക്‌സേന

രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ ആദ്യ വിജയവുമായി കേരളം. കരുത്തരായ പഞ്ചാബിനെയാണ് കേരളം തറപറ്റിച്ചത്. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ കേരളം: 227 & 136, പഞ്ചാബ്: 218 & 124. രണ്ടാം ഇന്നിങ്സില്‍ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 124 റണ്‍സിന് പുറത്തായി. ഏഴു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് പഞ്ചാബിനെ തകര്‍ത്തത്.

മായങ്ക് മാര്‍ക്കണ്ഡെയുടെയും (23) സിദ്ധാര്‍ഥ് കൗളിന്റെയും (22) മികവില്‍, എട്ടിന് 89 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബ് മത്സരം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ സ്‌കോര്‍ 122-ല്‍ നില്‍ക്കെ നിധീഷ് കൗളിനെ പുറത്താക്കി.

ആദ്യ ഇന്നിങ്സില്‍ കേരളത്തിനായി ഏഴു വിക്കറ്റ് വീഴ്ത്തിയത് നിധീഷായിരുന്നു. പഞ്ചാബ് നിരയില്‍ മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ പഞ്ചാബിനായി 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന് രണ്ടാം ഇന്നിങ്സില്‍ 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

Related post