• October 23, 2021

ഫേസ്ബുക്കും ജിയോയും കൈകോര്‍ക്കുന്നു

 ഫേസ്ബുക്കും ജിയോയും കൈകോര്‍ക്കുന്നു

ഫേസ്ബുക്കും ഇന്ത്യയിലെ വലിയ ടെലികോം ദാതാക്കളായ ജിയോയും കൈകോര്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ആഗോള ഭീമനായ ഫേസ്ബുക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്. ഈ വാര്‍ത്തയെ തുടര്‍ന്ന് വന്‍ കുതിച്ചുചാട്ടമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഓഹരിവിപണിയില്‍ ഉണ്ടായിരിക്കുന്നത്. പത്ത് ശതമാനമാണ് റിലയന്‍സിന്റെ വില ഓഹരി വിപണിയില്‍ ഉയര്‍ന്നത്. ബിഎസ്ഇ ഓഹരി 9.74 ശതമാനം ഉയര്‍ന്നപ്പോള്‍ ഷെയറിന് 1035 രൂപ വരെയായി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റിലയന്‍സിന്റെ പത്ത് ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങാന്‍ പോകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊറോണ വൈറസ് ബാധ മൂലമുള്ള യാത്രാ വിലക്കാണ് ഈ ഇടപാടിന് തടസമായതെന്നും പറയപ്പെടുന്നു. ഇതിലൂടെ ഫേസ്ബുക്കിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കും കൂടാതെ ജിയോയ്ക്ക് ടെലികോം രംഗത്ത് മറ്റു കമ്പനികളുടെ മേല്‍ കൂടുതല്‍ ആധിപത്യവും ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വാര്‍ത്ത പുറത്ത് വന്ന ശേഷം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഓഹരി മൂല്യത്തിന് അടുത്തെത്താനും റിലയന്‍സിനായി. 6.45 ലക്ഷം കോടിയാണ് ടിസിഎസിനുള്ളതെങ്കില്‍ റിലയന്‍സിനുള്ളത് 6.51 ലക്ഷം കോടി രൂപയുടെ മൂല്യമാണ്.

Related post