• October 26, 2021

റോഡ് സുരക്ഷ അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

 റോഡ് സുരക്ഷ അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.സി.സി., സ്റ്റുഡന്റ് പോലീസ് മാതൃകയിൽ സ്‌കൂളുകളിൽ റോഡ് സുരക്ഷാ ക്ലബുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കൂടുതൽ അപകടം നടക്കുന്ന റോഡുകൾ ദത്തെടുത്ത് അവിടെ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കും. റോഡ് നിയമലംഘനങ്ങളെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്തും. ജനങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. മാന്യമായ പെരുമാറ്റത്തിലൂടെ മാത്രമേ പൊതുഗതാഗത മേഖലയെ സ്വീകാര്യമാക്കി മാറ്റാനാകൂ. സ്വകാര്യ സർവ്വീസുകൾ കുറയുന്നത് റോഡിലെ തിരക്ക് കുറയ്ക്കാനാകും.

റോഡിന്റെ മേൻമ കുറവായതിനാലാണ് അപകടങ്ങൾ കൂടുന്നതെന്ന തെറ്റിദ്ധാരണ ഉണ്ട്. മികച്ച രീതിയിൽ നിർമ്മിച്ച റോഡുകളിലാണ് അപകടങ്ങൾ കൂടുതലായുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് ഉപയോക്താക്കൾക്കുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനവും  ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Related post