• October 16, 2021

ശത്രുതയ്ക്ക് ഇവിടെ സ്ഥാനമില്ല ; മരുന്നുകളുമായി റഷ്യന്‍ വിമാനം അമേരിക്കയില്‍ പറന്നിറങ്ങി

 ശത്രുതയ്ക്ക് ഇവിടെ സ്ഥാനമില്ല ; മരുന്നുകളുമായി റഷ്യന്‍ വിമാനം അമേരിക്കയില്‍ പറന്നിറങ്ങി

കോവിഡ് പിടി മുറക്കിയ യു.എസിനെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമേരിക്കയില്‍ പറന്നിറങ്ങി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യന്‍ സൈനികവിമാനം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി ന്യൂയോര്‍ക്കിലെത്തിയത്.

മരുന്നുകള്‍, ഫേസ് മാസ്‌കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുമായാണ് റഷ്യന്‍ വിമാനം 8000 കിലോമീറ്റര്‍ താണ്ടി ന്യൂയോര്‍ക്കില്‍ പറന്നിറങ്ങി. യു.എസില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. തുടര്‍ന്ന് ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്റെ സഹായം ട്രംപ് സ്വീകരിക്കുകയായിരുന്നു.

കോവിഡ് വൈറസ് എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലും വൈറസ് ബാധയ്ക്ക് ആഗോള സ്വഭാവമുള്ളതിനാലുമാണ് യു.എസിനെ സഹായിക്കുന്നതെന്നാണ് റഷ്യന്‍ ഭരണകൂടത്തിന്റെ വിശദീകരണം. റഷ്യയുടെ സഹായം മികച്ചതാണെന്നും വലിയൊരു വിമാനം നിറയെ സഹായമാണ് റഷ്യയില്‍ നിന്ന് ലഭിച്ചതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.

Related post