• June 19, 2021

ശബരിമലയില്‍ ഇത്തവണ ഉത്സവമില്ല

 ശബരിമലയില്‍ ഇത്തവണ ഉത്സവമില്ല

ശബരിമല ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വംബോര്‍ഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്നും, തന്ത്രിയുടെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. എന്നാല്‍ ചടങ്ങുകളെല്ലാം മുടങ്ങാതെ സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയും നടത്തുമെന്നും മന്ത്രിയും തന്ത്രിയും വ്യക്തമാക്കി.ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടന്‍ പ്രവേശിപ്പിക്കരുതെന്നാണ് തന്ത്രി ആവശ്യപ്പെട്ടത്.

ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നു. പിന്നീട് ക്ഷേത്രം തുറക്കണമെന്ന് ബിജെപിയും പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും, അപകടകരമാണെന്നും തന്ത്രി പറഞ്ഞത് തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നില്ലെന്ന് പറഞ്ഞാലുള്ള സ്ഥിതി എന്തായേനെ എന്ന് മന്ത്രി ചോദിച്ചു. ഇത് രാഷ്ട്രീയമായി മുതലെടുക്കാന്‍ ഇവിടെ പലരും ശ്രമിച്ചേനെയും പലരും പല പേക്കൂത്തുകളും കാട്ടിക്കൂട്ടിയേനെയെന്നും കടകംപള്ളി പരിഹസിച്ചു.

Related post