• September 28, 2021

യുവത്വം നഷ്ടപ്പെടുന്ന കോണ്‍ഗ്രസ്!

 യുവത്വം നഷ്ടപ്പെടുന്ന കോണ്‍ഗ്രസ്!

കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാവുകയാണോ? സിന്ധ്യയുടെ പാതയാണോ സച്ചിനും പിന്തുടരുന്നത്? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ചര്‍ച്ചയ്ക്ക് വഴിതിരfച്ചിരിക്കുകയാണ് സച്ചിന്‍ പൈലറ്റിന്‌റെ പുറത്തുപോക്ക്… സച്ചിന്‍ ബിജെപിയിലേക്ക്, സച്ചിന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കും തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് കുറെ ദിവസമായി കാഴ്ച്ചക്കാരാണ് നമ്മള്‍. കോണ്‍ഗ്രസിന്‌റെ ഭാവിമുഖമെന്ന ടാഗോടെയാണ് സച്ചിനേയും സിന്ധ്യയേയുമെല്ലാം കോണ്‍ഗ്രസ് പരിചയപ്പെടുത്തിയത്. 2019 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായതും കോണ്‍ഗ്‌സിന്‌റെ ഈ യുവമുഖങ്ങളായിരുന്നു. പ്രചാരണ വേളകളിലും ചര്‍ച്ചകളിലും കോണ്‍ഗ്രസിന് ശക്തി പകര്‍ന്നതും രാഹുലിന് പിന്നില്‍ അണിനിരന്ന ഈ യുവത്വങ്ങളായിരുന്നു. രാഹുലിന്‌റെ ഇരുകൈകളായാണ് ഇരുവരേയും വിശേഷിപ്പിച്ചത് തന്നെ. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഈ യുവമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള നടപടി തെരെഞ്ഞെടുപ്പില്‍ ഏറെ ജനപ്രീതിയും വിശ്വാസ്യതയും കോണ്‍ഗ്രസിന് നേടി കൊടുത്തു.

എന്നാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് ഈ യുവ നേതൃത്വം പിന്മാറുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. ഏതാനും മാസം മുമ്പ് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് വിട്ടു. അതിപ്പോള്‍ എത്തിനില്‍ക്കുന്നത് സച്ചിന്‍ പൈലറ്റിലാണ്. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദങ്ങളില്‍ നിന്നും സച്ചിനെ നീക്കം ചെയ്തിരിക്കുന്നു. ഇനി സച്ചിന്റെ ഭാവി എന്തെന്ന ചോദ്യത്തോടൊപ്പം തന്നെ കോണ്‍ഗ്രസിന്‌റെ ഭാവിയും ചോദ്യചിഹ്നമാണ്… മുതിര്‍ന്ന നേതാക്കള്‍ തങ്ങളെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഇതിനുമുമ്പും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിരുന്നു. എന്തായിരിക്കാം ഈ യുവത്വങ്ങളുടെ കൊഴിഞ്ഞുപോക്കിന് കാരണം?

2018-ല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ച് ഞെട്ടിപ്പിക്കുന്ന വിജയം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‌റെ തിരിച്ചുവരവായാണ് ഇത് കണക്കാക്കപ്പെട്ടത്. എന്നാല്‍ രണ്ടു വര്‍ഷത്തിനിപ്പുറം അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ഒരു സംസ്ഥാനം കൈവിട്ടു പോകുകയും മറ്റൊന്ന് വഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ ആശങ്കയിലാണു ദേശീയ നേതൃത്വം. 2018 ല്‍ രാഹുലിന്റെ ഇടപെടലില്‍ മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി. മറ്റു പദവികള്‍ നല്‍കി സിന്ധ്യയെയും പൈലറ്റിനെയും അനുനയിപ്പിച്ചെങ്കിലും രാഹുല്‍ അധ്യക്ഷസ്ഥാനത്തുനിന്നു മാറിയതോടെ കലഹം മൂര്‍ച്ഛിക്കുകയായിരുന്നു.

നാല് മാസങ്ങള്‍ക്ക് മുമ്പ്, 24 എം.എല്‍.എമാരുമായി മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തില്‍ ഇടം നേടി. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണ ലഭിക്കുന്നില്ല എന്നതായിരുന്നു സിന്ധ്യ ഉന്നയിച്ച ആരോപണങ്ങളിലൊന്ന്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിട്ടായിരുന്നു അതുവരെ സിന്ധ്യയെ വിശേഷിപ്പിച്ചിരുന്നത്. എന്നിട്ടും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സിന്ധ്യയെ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് മാര്‍ച്ചില്‍ സിന്ധ്യ കോണ്‍ഗ്രസിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു.

*അധികാരത്തോടും പദവിയോടുമുള്ള കേന്ദ്ര-സംസ്ഥാന നേതാക്കളുടെ ഒടുങ്ങാത്ത ഭ്രമമാവാം യുവതലമുറയെ അധികാരമേല്‍പിക്കാനുളള മടിയുടെ കാരണം. ഇതുതന്നെയാണ് കോണ്‍ഗ്രസില്‍ യുവനേതാക്കളെ തഴഞ്ഞുതിര്‍ത്തുന്നതെന്നത് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസിന്‌റെ പതനത്തിന് ഇതൊരു കാരണമാണെന്ന് ഇന്നല്ലെങ്കില്‍ നാളെ സമ്മതിച്ചെ മതിയാകൂ…

അന്ന് സിന്ധ്യയെങ്കില്‍ ഇപ്പോഴത് സച്ചിന്‍. സച്ചിന്‌റെ കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിന് ഉണ്ടാക്കുന്ന നഷ്ടം ചെറുതായിരിക്കില്ല. സച്ചിനുമായി കോണ്‍ഗ്രസിനുള്ള ബന്ധവും അത്രപെട്ടെന്നു തള്ളി കളയാവുന്ന ഒന്നല്ല…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാവി മുഖമെന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച നേതാവാണ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ്. 1977 സെപ്റ്റംബര്‍ 7നു രാജസ്ഥാനിലാണ് അദ്ദേഹം ജനിക്കുന്നത്. സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജേഷ് പൈലറ്റിന്‌റെ മകന്‍ കൂടിയാണ് സച്ചിന്‍. തന്റെ ഇരുപത്തിയാറാം വയസ്സില്‍, പതിനഞ്ചാമത് ലോകസഭയില്‍ അദ്ദേഹം അജ്മീര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു ലോകസഭയില്‍ എത്തി. രണ്ടാമതും ലോകസഭയിലേക്കു വിജയിച്ച ചെറുപ്പക്കാരനായ അദ്ദേഹത്തെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ പുന സംഘടനയില്‍
മന്ത്രിയാക്കി. കോര്‍പ്പറേറ്റ് അഫയേഴ്സ് ആയിരുന്നു വകുപ്പ്. അതോടൊപ്പം കോണ്‍ഗ്രസ്സിന്റെ രാജസ്ഥാന്‍ സ്റ്റേറ്റ് പ്രസിഡന്റ് കൂടിയായിരുന്ന സച്ചിന്‍ 2012ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്ന ആദ്യത്തെ യൂണിയന്‍ മിനിസ്റ്റര്‍ എന്ന പദവിയും സ്വന്തമാക്കി. മന്ത്രി ആയിരിക്കെ 2013ലെ കമ്പനി ആക്ട് പാസ്സാക്കുവാന്‍ അദ്ദേഹം കാണിച്ച മിടുക്ക് എടുത്തു പറയേണ്ട ഒന്നാണ്. ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചതും പൈലറ്റ് തന്നെയായിരുന്നു. പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ജീവിതത്തില്‍ മറവു പാടില്ല എന്ന് സീനിയര്‍ രാഷ്ട്രീയക്കാരെ പഠിപ്പിക്കാനുള്ള ചങ്കുറപ്പും സച്ചിന്‍ കാണിച്ചിരുന്നു. മന്ത്രിയായി ഏറെ കയ്യടികള്‍ വാങ്ങിയ ജനകീയ നേതാവായിരുന്നു സച്ചിന്‍. സിന്ധ്യയ്ക്ക് സമാനമായി 2018ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്കെത്തിച്ചത് സച്ചിന്‍ പൈലറ്റായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ആകുവാന്‍ എന്തുകൊണ്ടും കഴിവുണ്ടായിരുന്ന സച്ചിനെ ഇലക്ഷന് ശേഷം കോണ്‍ഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനം കൊടുത്തു തൃപ്തിപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചു വരണമെങ്കില്‍ രാഹുലിന് അപ്പുറം പേരുകള്‍ ഉയരണം. മാത്രവുമല്ല സച്ചിനെ പോലുള്ളവരെ് ഇനിയെങ്കിലും കോണ്‍ഗ്രസ്സ് പരിഗണിച്ചു തുടങ്ങിയെ മതിയാവൂ. അടുത്ത ഇലക്ഷന്‍ ദൗത്യത്തില്‍ അദ്ദേഹത്തിന് വലിയ റോള്‍ ഉണ്ടെന്നുള്ളത് ഒഴിവാക്കാന്‍ പറ്റാത്ത വസ്തുതയാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടി സച്ചിന്റെ കഴിവ് കണ്ടു ഉചിതമായി പ്രവര്‍ത്തിക്കും എന്ന് കരുതാം.

2013 ലെ ദയനീയ പരാജയത്തിന് ശേഷം അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ വകുപ്പ് വിഭജനം മുതല്‍ പാര്‍ട്ടി തഴുകയാണെന്നാണ് പൈലറ്റ് കുറ്റപ്പെടുത്തുന്നത്.

തകര്‍ച്ചയ്ക്കിടയിലും ഒരുമിച്ചു നില്‍ക്കാതെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ പോര് കോണ്‍ഗ്രസിന് ഒരിക്കലും ഗുണംചെയ്യുകയില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.. പാര്‍ട്ടിക്കുള്ളിലെ നേതൃത്വ അഭാവം വര്‍ഷങ്ങളായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടയില്‍ യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കും. സിന്ധ്യയും സച്ചിനുമൊന്നും കോണ്‍ഗ്രസിലെ ആദ്യത്തെ പാര്‍ട്ടിവിടുന്ന യുവനേതാക്കളുമല്ല . പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ തഴയുന്നുവെന്ന ഗുരുതര ആരോപണം ഇതിനുമുമ്പും ഉയര്‍ന്നതാണ… കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് ഇടമില്ലാത്ത സ്ഥലമാണെന്ന ആരോപണത്തിന് ശക്തി പകരുന്ന സംഭവ വികാസങ്ങള്‍ കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്.

എന്തുതന്നെയാണെങ്കിലും കോണ്‍ഗ്‌സിന്‌റെ ഇപ്പോഴത്തെ അവസ്ഥ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്..ഇടഞ്ഞു നില്‍ക്കുന്ന സച്ചിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമോ എന്നു നമുക്ക് കാത്തിരുന്നു കാണാം…

Related post