• May 13, 2021

ലോകത്തെ ആദ്യത്തെ 5ജി ടാബ് ലെറ്റുമായി സാംസങ്‌

 ലോകത്തെ ആദ്യത്തെ 5ജി ടാബ് ലെറ്റുമായി സാംസങ്‌

സാംസങിന്റെ ഗാലക്സി ടാബ് എസ് 6 5ജി പുറത്തിറക്കി. കൊറിയന്‍ വോണ്‍ ആണ് പുറത്തിറക്കിയത്. 9,99,900 (ഇന്ത്യയില്‍ 60,500 രൂപ) ആണിതിന് വില. ഇന്ത്യ ഉള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല.

ലോകത്ത് ആദ്യമായി പുറത്തിറങ്ങുന്ന 5ജി ടാബ് ലെറ്റ് ആണ് ഗാലക്സി ടാബ് എസ് 6 5ജി. 10.5 ഇഞ്ച് സൂപ്പര്‍ അമോര്‍ഫസ് ഡിസ്പ്ലേ ആണ് ഗാലക്സി ടാബ് എസ് 6 5ജിയ്ക്കുള്ളത്. നാല് സ്പീക്കറുകള്‍ ഉള്‍പ്പെടുന്ന എകെജിയുടെ ശബ്ദ സംവിധാനമാണിതിന്. ഡോള്‍ബി അറ്റ്മോസ് സംവിധാനവും റിയല്‍ടൈം 4കെ ബ്രോഡ്കാസ്റ്റിങ് സൗകര്യവും ടാബില്‍ ലഭ്യമാവും.

5ജി ചിപ്പിനൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ ടാബിന് ശക്തിപകരുന്നു. ആറ് ജിബി റാം ശേഷിയില്‍ 128 ജിബി സ്റ്റോറേജുണ്ട്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ സാംസങിന്റെ വണ്‍ യുഐ 2.0 ആണ് ഫോണിന്. ടാബ് ലെറ്റിന്റെ പ്രവര്‍ത്തനത്തിനായി 7040 എംഎഎച്ച് ശേഷിയിലുള്ള ബാറ്ററിയും നല്‍കിയിരിക്കുന്നു.

സാംസങിന്റെ എസ്-പെന്‍ സ്‌റ്റൈലസും ടാബിനുമൊപ്പമുണ്ട്. ടാബിലെ ക്യാമറകളെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഗാലക്സി ടാബ് എസ്6 5ജിയെ കൂടാതെ ഗാലക്സി എസ് 10 5ജി, നോട്ട് 10 5ജി, എ90 5ജി തുടങ്ങിയ 5ജി ഉപകരണങ്ങള്‍ സാംസങിനുണ്ട്.

Related post