• November 27, 2021

പാര്‍വതി തിരുവോത്ത്, ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്

 പാര്‍വതി തിരുവോത്ത്, ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്

പാര്‍വതി തിരുവോത്ത് സമൂഹത്തിലെ ജീര്‍ണതകള്‍ക്ക് ചാട്ടവാറടി നല്‍കുന്ന പെണ്ണ്. ഈ വാക്കുകള്‍ പാര്‍വതിയെക്കുറിച്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന കുറിപ്പില്‍ നിന്നാണ്. പ്രതികണശേഷി പൊതുവേ കുറഞ്ഞ സിനിമാ മേഖലയില്‍നിന്നും തന്‌റെതായ അഭിപ്രായങ്ങള്‍ വ്യക്തതയോടെ തുറന്നു പറയാന്‍ കാണിച്ച പാര്‍വതി ഒരപൂര്‍വ്വ പ്രതിഭാസം തന്നെ.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ എല്ലാവരും സിനിമ ഇന്‍ഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങള്‍ക്ക് താത്പര്യമില്ല. അതിനാല്‍ പാര്‍വതി തിരുവോത്ത് എന്ന നടി ഒരു അപൂര്‍വ പ്രതിഭാസമാണ്. ഒരു ആനയുടെ ദൗര്‍ഭാഗ്യകരമായ മരണത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വൃത്തികേടിനെതിരെ പാര്‍വതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവര്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഈ വിദ്വേഷപ്രചരണങ്ങള്‍ ലജ്ജാവഹമാണെന്ന് പാര്‍വതി തുറന്നടിച്ചു.

പാലക്കാട് ജില്ലയില്‍ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തതിനുപിന്നില്‍ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതിഭഗവാന്റെ പ്രതീകമായ ആന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊല ചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഓടിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞുപരത്തിയത് ദേശീയതലത്തില്‍ പ്രശസ്തിയുള്ള വ്യക്തികളാണ്. മറ്റു ഇന്ത്യന്‍ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോള്‍ ഉത്തരേന്ത്യക്കാരുടെ മനസ്സില്‍ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം. കേരളത്തിലെ സിനിമാതാരങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകള്‍ക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട. മലപ്പുറത്ത് വച്ച് ആന ചരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാല്‍ മതി.പക്ഷേ അവരില്‍ പലരും ശബ്ദിക്കാന്‍ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാല്‍ പാര്‍വതി അവര്‍ക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു.

പാര്‍വതിയ്ക്കു പിന്നാലെ മറ്റു നടീനടന്‍മാരും പ്രതികരിച്ചുതുടങ്ങി. കാലം കാത്തുവെച്ച കാവ്യനീതിയാണിത്. മലയാള സിനിമയ്ക്ക് ഒരുപാട് സ്ത്രീകളെ അടിച്ചമര്‍ത്തിയ ചരിത്രമുണ്ട്. ആ പരിഹാസ്യമായ സമ്പ്രദായം ഇന്നും വേരറ്റുപോയിട്ടില്ല. അങ്ങനെയുള്ള ഒരു വ്യവസായത്തിന്റെ പതാക വഹിക്കാനുള്ള യോഗവും പാര്‍വ്വതി എന്ന സ്ത്രീയ്ക്കുതന്നെ! രജനീകാന്തും അമിതാഭ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോള്‍ പാര്‍വതി ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ്. പൗരത്വ ബില്ലിനെ എതിര്‍ക്കാനുള്ള കരളുറപ്പ് അവര്‍ക്കുണ്ടായിരുന്നു. അന്ന് നമുക്കുവേണ്ടി പാര്‍വതി തെരുവിലിറങ്ങുകയും ചെയ്തു.

പാര്‍വതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്. ‘ആനീസ് കിച്ചണ്‍’ എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താത്പര്യം. പാര്‍വതിമാരുടെ മൂല്യം പൂര്‍ണമായും തിരിച്ചറിയാന്‍ നമുക്ക് കുറേ പതിറ്റാണ്ടുകള്‍ കൂടി വേണ്ടിവന്നേക്കാം. ബോളിവുഡ് മുഴുവന്‍ കേരളത്തിനെതിരെയുള്ള പ്രചരണങ്ങളില്‍ പങ്കുചേര്‍ന്നുകൊള്ളട്ടെ. നമുക്കൊരു പാര്‍വതി മാത്രം മതി ചെറുത്തുനില്‍ക്കാന്‍.

ഐഎഫ്എഫ്‌ഐ പോലുള്ള വലിയ വേദികളില്‍ അംഗീകരിക്കപ്പെട്ട പാര്‍വതി. ദേശീയ അവാര്‍ഡ് പരാമര്‍ശം ലഭിച്ച പാര്‍വതി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി! വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവര്‍ ഇന്നും തിരുത്തിപ്പറയുകയാണ്… ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്…ചാട്ടുളി പോലെ വാക്കുകള്‍ പായിക്കുന്ന പെണ്ണ്…സമൂഹത്തിലെ ജീര്‍ണതകള്‍ക്ക് ചാട്ടവാറടി നല്‍കുന്ന പെണ്ണ്….!

Related post