• December 3, 2021

ന്യൂസ്‌ലാന്‍ഡിനെ പറപ്പിച്ച് ഇന്ത്യന്‍ യുവനിര; കത്തിക്കയറി സഞ്ജുവും പൃഥ്വിയും

 ന്യൂസ്‌ലാന്‍ഡിനെ പറപ്പിച്ച് ഇന്ത്യന്‍ യുവനിര; കത്തിക്കയറി സഞ്ജുവും പൃഥ്വിയും

ന്യൂസിലന്‍ഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 230ന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യുവതാരങ്ങളുടെ വീറുറ്റ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. ആദ്യ വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് ഇന്നിംഗ്‌സിലൊരിക്കലും ന്യൂസിലന്‍ഡിനു മടങ്ങി വരാനായില്ല. 49 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡീന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം ബ്രൂസ് 47 റണ്‍സെടുത്തു. 34 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കോള്‍ മക്കോഞ്ചീയും കിവികള്‍ക്കായി തിളങ്ങി.


പൃഥ്വി ഷാ (48)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (21 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ മുഹമ്മദ് സിറാജ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്്ത്തിയിരുന്നു. സഞ്ജു, പൃഥ്വി എന്നിവര്‍ക്ക് പുറമെ മായങ്ക് അഗര്‍വാള്‍ (29), സൂര്യകുമാര്‍ യാദവ് (35), ശുഭ്മാന്‍ ഗില്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗംഭീര തുടക്കം നല്‍കിയ പൃഥ്വി- മായങ്ക് സഖ്യം ആദ്യ വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. ആദ്യം മടങ്ങിയതും പൃഥ്വി ആയിരുന്നു. പിന്നാലെ മായങ്കും പവലിയനില്‍ തിരിച്ചെത്തി.

എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സഞ്ജുവും നിര്‍ണായകമായ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 പന്ത് മാത്രം നേരിട്ട സഞ്ജു മൂന്ന് ഫോറും രണ്ട് സിക്സും പായിച്ചു. ഇരുവരും പുറത്തയായ ശേഷം സൂര്യകുമാര്‍ യാദവും വിജയ് ശങ്കറും (20) മത്സരം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്ത് ഖലീല്‍ അഹ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതമുണ്ട്.

Related post