• June 15, 2021

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹര്‍ജി രണ്ട് ആഴ്ചത്തേക്ക് നീട്ടി വച്ചു

 രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹര്‍ജി രണ്ട് ആഴ്ചത്തേക്ക് നീട്ടി വച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ട് ആഴ്ചത്തേക്ക് നീട്ടി വച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജി ഇന്ന് ആദ്യം പരിഗണനയ്ക്ക് എടുത്തപ്പോള്‍ സരിതയ്ക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഹര്‍ജി അവസാനം പരിഗണനയ്ക്ക് എടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റിവെയ്ക്കുകയായിരുന്നു. ഹര്‍ജി പിന്നീട് വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന്‍ ഹാജരായെങ്കിലും മോണിറ്ററില്‍ അഭിഭാഷകന്റെ മുഖം തെളിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.

വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിര തള്ളിയത്. അതേ സമയം രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഹര്‍ജിയായതിനാല്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.

Related post