• November 27, 2021

സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം

 സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം

സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. ആഭ്യന്തര വിമാന സര്‍വ്വീസുകളും, റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങളുമാണ് പുനരാരംഭിക്കുന്നത്. രാജ്യത്ത് ഘട്ടം ഘട്ടമായി കര്‍ഫ്യൂവില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പൊതുഗതാഗത സംവിധാനങ്ങളാണ് അടുത്ത ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 11 വിമാന താവളങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ആഭ്യന്തര വിമാന സര്‍വ്വീസുകളും ഞായറാഴ്ച പുനരാരംഭിക്കും.

കൂടാതെ സൗദി പബ്ലിക്ക് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിക്ക് കീഴിലെ സാപ്റ്റ്കോ ബസ്സുകളുടെ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള സര്‍വ്വീസുകളും മക്ക ഒഴികെയുള്ള നഗരങ്ങളിലേക്ക് ഞായറാഴ്ച മുതല്‍ ഓടി തുടങ്ങും. ടാക്സി, ഓണ്‍ലൈന്‍ ടാക്സി, റെന്റ് എ കാര്‍ സംവിധാനങ്ങള്‍ക്കും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാം.

രാജ്യത്തെ റെയില്‍ ഗതാഗതവും ഞായറാഴ്ച മുതല്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും. ഘട്ടം ഘട്ടമായി കര്‍ഫ്യൂവില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായമാണ് നടപടി. റിയാദ്, ജിദ്ദ, ദമ്മാം, മദീന, അല്‍ ഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹായില്‍, അല്‍ ബാഹ, നജ്റാന്‍ എന്നീ സെക്ടറുകളിലാണ് ഞായറാഴ്ച മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കുക.

തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ സെക്ടറിലേക്കും ഘട്ടം ഘട്ടമായി സര്‍വ്വീസ് വ്യാപിപ്പിക്കും. അതേ സമയം അന്തര്‍ദേശീയ സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക.

Related post