• May 14, 2021

നിര്‍ഭയ കേസ് : ഹര്‍ജി തള്ളി , പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ വധശിക്ഷ തന്നെ

 നിര്‍ഭയ കേസ് : ഹര്‍ജി തള്ളി ,  പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ  വധശിക്ഷ തന്നെ

നിര്‍ഭയ കേസില്‍ പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രതി അക്ഷയ് സിങ് ഠാക്കൂറിന് വേണ്ടി അഭിഭാഷകനായ ഡോ എ പി സിങാണ് ഹാജരായത്. ഹര്‍ജി തള്ളിയതോടെ നാല് പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായി.

നിര്‍ഭയ കേസില്‍ വധശിക്ഷ തന്നെ നടപ്പാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. നിര്‍ഭയ കേസില്‍ നീതി പൂര്‍വ്വമായ വിചാരണ നടന്നില്ലെന്നായിരുന്നു അഭിഭാഷകന്റെ പ്രധാന വാദം. കേസ് കെട്ടിച്ചമച്ചതാണ്. പ്രധാന പ്രതികളെയല്ല അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്റെ കക്ഷിക്ക് ശിക്ഷവിധിച്ചത്. പ്രതികള്‍ക്ക് അനകൂലമായി മൊഴി നല്‍കിയ ആളെ കള്ളക്കേസില്‍ കുടുക്കിയെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

പൊതു സമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചത്. നിര്‍ഭയയോടൊപ്പമുള്ള പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍, മാധ്യമങ്ങളോട് സംഭവങ്ങള്‍ തുറന്നു പറയുന്നതിന് ഇയാള്‍ പണം വാങ്ങിയെന്ന ആരോപണമുണ്ടെന്നും ഇതെല്ലാം പരിശോധിക്കപ്പെടണമെന്നുള്ള വാദങ്ങളും പ്രതി ഉന്നയിച്ചു. എന്നാല്‍, ഇതെല്ലാം വ്യത്യസ്ത വിഷയങ്ങളാണെന്നും പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി അക്ഷയ്കുമാറിന്റെ വധ ശിക്ഷ ശരിവെക്കുകായയിരുന്നു.

.
2012 ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ചാണ് വിദ്യാര്‍ഥിയായ നിര്‍ഭയ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍ നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. അക്ഷയ് സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ തിഹാര്‍ ജയിലില്‍ തുടരുകയാണ്. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍,എ എസ് ബൊപ്പണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

Related post