• May 15, 2021

പൗരത്വനിയമ ഭേദഗതി; നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി; സ്റ്റേ ഇല്ല

 പൗരത്വനിയമ ഭേദഗതി; നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി; സ്റ്റേ ഇല്ല

പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. സുപ്രീം കോടതി പരിഗണിച്ച 140 ഹര്‍ജികളില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടത് പരിഗണിച്ചാണ് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അറിയിച്ചു. പൗരത്വ നിയമം സ്റ്റേ ചെയ്യുകയോ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയോ ചെയ്തില്ല. ആദ്യം എല്ലാ ഹര്‍ജികളിലും കേന്ദ്രത്തിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമവും ഒപ്പം ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും ഹര്‍ജികള്‍ക്കൊപ്പം എത്തിയിരുന്നു. പൗരത്വ നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബലിന്റെ വാദത്തെ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു.

Related post