• October 23, 2021

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

 കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ്-19 മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ്(68) ആണ് മരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം.

ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍ അസീസ്. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. കൊവിഡ് സംശയത്തെ തുടര്‍ന്ന് നടത്തിയ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമതും പരിശോധനകള്‍ നടത്തിയതോടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അതേസമയം, അബ്ദുള്‍ അസീസിന് കൊവിഡ് ബാധ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. അദ്ദേഹം വിദേശ യാത്ര നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യക്തമായ പരിശോധനകള്‍ നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. അബ്ദുള്‍ അസീസിനെ ചികില്‍സിച്ച നാല് ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ നടന്ന വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ചടങ്ങുകളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് അബ്ദുള്‍ അസീസിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

Related post