• December 3, 2021

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മാറിയോ?

 ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മാറിയോ?

2012 ഡിസംബറിലെ ഒരു ഞായറാഴ്ച അവള്‍ പതിവിലും സന്തോഷവതിയായിരുന്നു. ഡല്‍ഹി ഡിസംബറിൻ്റെ മഞ്ഞില്‍ പുതഞ്ഞ് കിടന്നിരുന്ന ആ വൈകുന്നേരമാണ് കൂട്ടുകാരനോടൊത്ത് ഒരു സിനിമ കാണാം എന്ന് തീരുമാനിച്ചത്. ലൈഫ് ഓഫ് പൈ എന്ന സിനിമ മതിയെന്ന തീരുമാനം അവളുടേതായിരുന്നു. 4.30ന് താമസ സ്ഥലത്തു നിന്നും അവസാനമായി ഇറങ്ങി. ദക്ഷിണ ഡല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സുഹൃത്തിനോടൊപ്പം സിനിമ കണ്ടു. സിനിമ കഴിഞ്ഞ് മടങ്ങനായി 9 മണിക്ക് മുനീര്‍ക്കയില്‍ നിന്നും ദ്വാരകയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴണ് ആ വെളുത്ത ബസ് അവര്‍ക്കരികിലെത്തുന്നത്. ഒറ്റയക്ക് പോകേണ്ട എന്ന് പറഞ്ഞ് സുഹൃത്തും ഒപ്പം വരാമെന്നേറ്റു. ഒരു ചെറിയ പയ്യനാണ് അവരെ ബസ്സിലേക്ക് വിളിച്ച് കയറ്റിയത്. പതിവ് സര്‍വ്വീസ് നടത്തുന്ന വൈറ്റ് ലൈന്‍ ബസ്സാണെന്ന് കരുതി സുഹൃത്തിനോടൊപ്പം ബസ്സിലേക്ക് കയറി.


പിന്നെ ലോകം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമായിരുന്നു. ദ്വാരകയിലേക്ക് പോകേണ്ട ബസ് വഴി തിരിച്ച് ഡല്‍ഹിയുടെ വീഥികളിലൂടെ കറങ്ങികൊണ്ടിരുന്നു. ആറ് നരാധമന്മാര്‍ ചോര്‍ന്ന് അവളെ അതി ക്രൂരമായി കൊല്ലാക്കൊല ചെയ്തു. അക്രമത്തെ എതിര്‍ത്ത സുഹൃത്തിനെ അടിച്ചവശനാക്കി അവളെ ബലാത്സംഗം ചെയ്തു. വേദനകൊണ്ട് പിടയുമ്പോഴും അവള്‍ അക്രമത്തെ ചെറുത്തു. പ്രായത്തില്‍ ഏറ്റവും ഇളയവന്‍ ക്രൂരതയുടെ ആള്‍മുഖം പീഡനത്തിനിടയില്‍ അവളുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പ് കമ്പി കയറ്റി. 11 മണിയോടെ അര്‍ദ്ധ നഗ്നാവസ്ഥയില്‍ ഇരുവരെയും റോഡിലേക്ക് വലിച്ചറിഞ്ഞ് ബസിലുള്ളവര്‍ കടന്നു കളഞ്ഞു.ഈ കൃത്യം കഴിഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നു.പീഡനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണത്തോട് മല്ലിടുമ്പോഴും തന്നെ രക്ഷിക്കാനാകുമോയെന്ന് അവള്‍ ഡോക്ടര്‍മാരോട് എഴുതി ചോദിച്ചു. പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കി. അവസാനിക്കാത്ത ആ അഗ്നിയെ നമ്മള്‍ വിളിച്ചു നിര്‍ഭയ!


പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.
ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടര്‍ന്ന് ചര്‍ച്ചകളുണ്ടാവുകയും, ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടര്‍ന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങള്‍ക്ക് കാരണമായി.
ഈ കേസിൻ്റെ അന്വേഷണം ബലാത്സംഗക്കേസുകളുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ ഒന്നാണ്. 72 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. രാംസിംഗ് (ബസ് ഡ്രൈവര്‍), മുകേഷ് സിംഗ് (രാംസിംഗിന്റെ സഹോദരന്‍), വിനയ് ശര്‍മ്മ (ഒരു ജിംന്യേഷത്തിന്റെ പരിശീലകന്‍), പവന്‍ ഗുപ്ത (ഒരു പഴക്കച്ചവടക്കാരന്‍), രാജു, അക്ഷയ് ഥാക്കൂര്‍ (ഡെല്‍ഹിയില്‍ ജോലി തേടി വന്ന ഒരു യുവാവ്), പിന്നെ പ്രായപൂര്‍ത്തിയാകാത്ത ഒരുവനും. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതി ജയിലില്‍ തൂങ്ങി മരിച്ചു.


പോലീസ് സംഘത്തിൻ്റെ ഭാഗത്തു നിന്ന് മാസങ്ങളോളം നീണ്ടുനിന്ന, വളരെ പ്രൊഫഷണലായ അന്വേഷണവും, തെളിവ് ശേഖരണവും ഒക്കെ ഉണ്ടായി. ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ച പോലീസ്, പ്രോസിക്യൂഷന്‍ സംവിധാനങ്ങള്‍ ചേര്‍ന്ന് കോടതിയില്‍ പഴുതടച്ചു സമര്‍പ്പിച്ച കുറ്റപത്രം, സംഭവം നടന്നിട്ട് ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും, ഇതാ പ്രതികളെ കഴുമരത്തിനു തൊട്ടടുത്തുവരെ എത്തിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തതിൻ്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതിമാത്രമാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ മാറില്‍ അതിന്‌ശേഷവും നിരവധി നിര്‍ഭയമാര്‍ ബലാത്സംഗത്തിനിരയായി. വിദ്യഭ്യാസമോ പദവിയോ ഒന്നും പുരുഷ വൈകൃതത്തിന് തടസ്സമാകുന്നില്ല. കാഠ്വ, വാളയാര്‍, ഉന്നാവോ, ഹൈദരബാദ് തുടങ്ങി അറിഞ്ഞതും അറിയപ്പെടാത്തതുമായി നിരവധി കേസുകള്‍. നിര്‍ഭയ ഉണ്ടായി ഏഴാണ്ട് പിന്നിടുമ്പോഴും ഇന്ത്യയിലെ ബലാത്സംഗങ്ങ കേസുകള്‍ കൂടി വരികയാണ്. മണിക്കൂറില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു.


എന്ന് സ്ത്രീകള്‍ സുരക്ഷിതരായി രാത്രികളില്‍ റോഡുകളിലൂടെ സഞ്ചരിക്കുന്നുവോ അന്നാണ് ഇന്ത്യയ്ക്ക് യഥാര്‍ത്തില്‍ സ്വാതന്ത്ര്യം ലഭിക്കുക എന്ന ഗാന്ധിയുടെ വാക്കുകളോര്‍ക്കാം. അങ്ങനെയെങ്കില്‍ ഇന്ത്യ ഇന്ന് പിന്നോക്കം സഞ്ചരിക്കുകയാണ്. പിറന്ന ഉടനെ പീഡിപ്പിക്കപ്പെടുമെന്ന അവസ്ഥയിലേക്ക് വരെ സ്ഥിഗതികള്‍ എത്തി നില്‍ക്കുന്നു. ഇവിടെ തിരുത്തേണ്ടത് ആരെ? നിയമവും ഭരണകൂടവും കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നേരെ കൈകളുയരുമ്പോള്‍ ശിക്ഷയെക്കുറിച്ചും ബോധവാന്മാരേകേണ്ട നിലയിലേക്ക് നിയമങ്ങള്‍ കൂടുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related post