• November 30, 2021

കലയുടെ സമ്മേളനവുമായി ഫ്രിഞ്ച് ഫെസ്റ്റിവല്‍ തുടങ്ങി

 കലയുടെ സമ്മേളനവുമായി ഫ്രിഞ്ച് ഫെസ്റ്റിവല്‍ തുടങ്ങി

അല്‍ നൂര്‍ ഐലന്‍ഡില്‍ വര്‍ണങ്ങള്‍ നിറച്ച് ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കം. വിവിധ രാജ്യങ്ങളിലെ ജനപ്രിയ കലാകാരന്മാരടക്കം പങ്കെടുക്കും. സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച ‘ഹാച്’ പ്രദര്‍ശനത്തോടെയാണ് പതിനേഴുദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് തുടക്കംകുറിച്ചത്. നാടകം, സംഗീതം, മാജിക്, സര്‍ക്കസ്, പാവക്കൂത്ത്, നൃത്തം തുടങ്ങിയ 600ല്‍ ഏറെ പരിപാടികള്‍ മേളയില്‍ ഉണ്ടാകും. അല്‍ നൂര്‍ ഐലന്‍ഡിനു പുറമേ സന്ദര്‍ശകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫ്‌ലാഗ് ഐലന്‍ഡ് എന്നിവിടങ്ങളിലും പരിപാടികള്‍ അരങ്ങേറും.

മെയ് വഴക്കവും ഇന്ദ്രജാലവും സംഗീതവും നൃത്തവുമെല്ലാം സമ്മേളിക്കുന്ന മുപ്പതിലധികം വൈവിധ്യമാര്‍ന്ന തെരുവ് പ്രദര്‍ശനങ്ങളാണ് അല്‍ ഖസ്ബയിലും അല്‍ മജാസിലുമായി വിരുന്നൊരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി ആസ്വദിക്കാവുന്ന പ്രദര്‍ശനങ്ങളാണിത്. വിവിധയിടങ്ങളിലായി ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച് രാത്രി പതിനൊന്നുവരെ നീളുന്ന വിധത്തിലാണ് ഈ പ്രദര്‍ശനങ്ങളുടെ ക്രമീകരണം. ഖസ്ബയില്‍ നിന്ന് അല്‍ മജാസിലേക്കുള്ള നടത്തത്തിന് ഉത്സവപ്രതീതി പകരുന്ന വിധത്തിലാണ് തെരുവ് പ്രദര്‍ശനങ്ങളുടെ വിന്യാസം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് ഷാര്‍ജയുടെ തണുപ്പുകാല കാഴ്ചകളോടൊപ്പം ഗംഭീര ഫ്രയിമുകളും പരീക്ഷിക്കാന്‍ പറ്റിയ അവസരമാവുമിത്.

‘ബബിള്‍ ഷോ’, ‘സ്റ്റിക് ബോണ്‍സ്, ബ്രോക്കന്‍ ബോണ്‍സ്’, ‘ഗ്രംപി പാന്റ്സ്’ തുടങ്ങി മുപ്പത്തിയഞ്ചോളം പ്രദര്‍ശനങ്ങള്‍ പ്രത്യേക വേദികളിലും ഒരുക്കുന്നുണ്ട്. ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ വിസ്മയകരമായ സമന്വയവും കലാപ്രദര്‍ശനവും ആസ്വദിക്കാം. രാവിലെ പത്ത് തൊട്ട് രാത്രിവരെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയങ്ങളിലാവും പ്രദര്‍ശനം. ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യപതിപ്പിനാണ് ഷാര്‍ജ വേദിയാവുന്നത്.

Related post