• October 28, 2021

ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാനായി അമ്മയുടെ യോഗം ഇന്ന്

 ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാനായി അമ്മയുടെ യോഗം ഇന്ന്

ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹന്‍ലാല്‍ എത്തിച്ചേരാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് മാറ്റി വച്ചിരുന്നു.വിഷയം ചര്‍ച്ച ചെയ്യുന്നതിനായി താരസംഘടന ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

അതേസമയം പ്രതിഫലതുക അധികം നല്‍കാതെ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തികരിക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്‍ നിഗം. ഈ സാഹചര്യത്തില്‍ മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്നുമായി ധാരണ ഉണ്ടാക്കാനാണ് താര സംഘടനയുടെ ശ്രമം.

എന്നാല്‍ ഷെയ്നിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്ന നാല് ചിത്രങ്ങള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

Related post