• June 15, 2021

പ്രവര്‍ത്തനം പുനരാരംഭിച്ച് സൗദി വിപണി

 പ്രവര്‍ത്തനം പുനരാരംഭിച്ച് സൗദി വിപണി

കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന വിപണി തുറന്ന് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൗദിയിലെ വ്യാപാരികള്‍. മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തനം പുനരാരംഭിച്ചു.

വീട്ടില്‍ നിന്നുള്ള ജോലി അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഓഫീസുകളിലെത്തി. ബാര്‍ബര്‍ ഷോപ്പുകളുള്‍പ്പെടെ ഏതാനും മേഖലകള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവര്‍ത്തന അനുമതി ഇല്ലാത്തത്.

ഒരിടവേളക്ക് ശേഷം വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സൗദി. കര്‍ഫ്യൂവില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചതോടെ, മാസങ്ങളായി ജോലിയില്ലാതെ പ്രതിസന്ധിയിലായിരുന്ന പല പ്രവാസികളും ജോലിക്കെത്തി തുടങ്ങി.

മാസ്‌കുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും. വിവിധ വര്‍ണ്ണങ്ങളിലും രൂപത്തിലുമുള്ള മാസ്‌കുകളുടെ വിപണി ഫാര്‍മസികളില്‍ നിന്നും തെരുവ് കച്ചവടക്കാരിലേക്ക് എത്തിയിരിക്കുന്നു. നഗരങ്ങളില്‍ ജനതിരക്ക് വര്‍ധിച്ച് തുടങ്ങിയെങ്കിലും വിപണിയില്‍ കാര്യമായ ഉണര്‍വ് ഉണ്ടാക്കിയിട്ടില്ലെന്നാണ് പൊതുവെ വ്യാപാരികളുടെ അഭിപ്രായം. നിത്യോപയോഗ സാധനങ്ങള്‍ക്കും ആശുപത്രി സേവനങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവരാണ് ഏറെയും.

അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ ഇതര മേഖലകളില്‍ കൂടി ഉണര്‍വ്വ് പ്രകടമായേക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കുന്നതോടെ പൊതുരംഗം കൂടുതല്‍ സജീവമാകും.

Related post