• August 3, 2021

പൃഥ്വിയുള്‍പ്പടെ പ്രതികരിച്ചവര്‍ മറുപടി പറയണം: ശോഭാ സുരേന്ദ്രന്‍

 പൃഥ്വിയുള്‍പ്പടെ പ്രതികരിച്ചവര്‍ മറുപടി പറയണം: ശോഭാ സുരേന്ദ്രന്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്ന് ശോഭ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം

ശോഭ സുരേന്ദ്രന്റെ കുറിപ്പു വായിക്കാം.
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിളുടെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം.
നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?

നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ? നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വില കല്‍പിക്കാത്ത അരാജകവാദികള്‍ക്കൊപ്പമോ? ഈ ചോദ്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേര്‍ത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയ്യടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ട്

ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന്. കേരളത്തിന് താല്‍പര്യമുണ്ട് അതറിയാന്‍. സ്വന്തം വീട്ടില്‍ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിയ ആള്‍ക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സില്‍ ഇപ്പോഴും അതു തന്നെയാണോ?.’- ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്ന് ദുല്‍ഖര്‍ കുറിച്ചു. സമാധാനപരമായി പ്രതിഷേധം നടത്താനും അദ്ദേഹം പറയുന്നു. ‘മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക.’- അദ്ദേഹം കുറിച്ചു. ‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും’ എന്ന കാപ്ഷനുള്ള ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത് അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്കുവെച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേതായിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.

Related post