• May 15, 2021

ആകാശത്തെ കാഴ്‌ചോത്സവം 26ന്; വലയ സൂര്യഗ്രഹണം

 ആകാശത്തെ കാഴ്‌ചോത്സവം 26ന്; വലയ സൂര്യഗ്രഹണം

ശാസ്ത്രലോകം ഉറ്റുനേക്കുന്നു ആകാശത്തേക്ക്. എന്തിനാണെന്നല്ലേ.. ഡിസംബര്‍ 26ന് ആകാശത്ത് കാഴ്ചയുചെ ഉത്സവം നടക്കുകയാണ്. വലയ സൂര്യഗ്രഹണം.
ക്രിസ്മസ് പിറ്റേന്ന് നടക്കുന്ന വലയസൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ സൂര്യബിംബത്തെ കാണാനാവുക വലിയൊരു വളയുടെ രൂപത്തിലാണ്. വലയഗ്രഹണത്തിന്റെ പൂര്‍ണമായ കാഴ്ച കാണാവുന്ന പാത സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്‍ഡൊനീഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഇത് ബോര്‍ണിയോ, സുമാത്ര ദ്വീപുകള്‍ വരെയെത്തും. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റര്‍ വീതിയില്‍ ഇതേസമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം.

കേരളത്തില്‍ ഗ്രഹണം രാവിലെ എട്ടുമുതല്‍ 11.15 വരെ ഇതിന്റെ വലയാകാരപാത തെക്കന്‍ കര്‍ണാടകം, വടക്കന്‍ കേരളം, മധ്യ തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണ കാഴ്ചകിട്ടും. മറ്റു ജില്ലകളില്‍ വലയത്തിനുപകരം ചെറിയ ചന്ദ്രക്കല പോലെയാകും ഗ്രഹണസമയത്ത് സൂര്യന്‍. കേരളത്തില്‍ എല്ലായിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം മറയും.

സൂര്യഗ്രഹണം അസാധാരണമല്ലെങ്കിലും ഒരു നിശ്ചിതപ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകള്‍ക്കിടയിലാണ്. ഡിസംബറിലായതുകൊണ്ട് ആകാശത്ത് മേഘങ്ങള്‍ ഒഴിഞ്ഞുനില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ഇതുകാണാന്‍ വടക്കന്‍ കേരളത്തിലേക്കെത്തും. ഇതുപോലൊരു വലയസൂര്യഗ്രഹണം ഇനിയുണ്ടാവുക 2031 മേയ് 21-ന്. കേരളത്തില്‍ കാണാവുന്ന അടുത്ത പൂര്‍ണസൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിന് ആണ്.

എന്താണ് സൂര്യഗ്രഹണമെന്ന് അറിയാത്തവര്‍ കേട്ടോളൂ. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്.

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക. നേരിട്ട് നോക്കരുത് ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് കണ്ണിനു ഹാനികരമാണ്. ടെലിസ്‌കോപ്പിലൂടെയും നേരിട്ട് നോക്കരുത്. സൗരകണ്ണടകള്‍ ഉപയോഗിച്ചോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഭിത്തിയില്‍ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം.

Related post