• December 3, 2021

സൂര്യഗ്രഹണങ്ങള്‍ ഇനി എത്ര നാള്‍..!

 സൂര്യഗ്രഹണങ്ങള്‍ ഇനി എത്ര നാള്‍..!

സൂര്യഗ്രഹണങ്ങള്‍ ഇല്ലാത്ത ഒരു കാലം ഭൂമിയിലുണ്ടാകുമോ?
ഉണ്ടാകും എന്ന് ശാസ്ത്രം പറയുന്നു. പ്രത്യേകിച്ച് പൂര്‍ണ സൂര്യ ഗ്രഹണങ്ങള്‍ അന്യമാകുന്ന ഒരു കാലം ഭൂമിയെ കാത്തിരിക്കുന്നുണ്ടത്രെ! ആ കാലം എത്താന്‍ എത്രനാള്‍ കാത്തിരിക്കണം എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. എന്തുകൊണ്ട് ?


ഉത്തരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ചില ഗ്രഹണ കണക്കുകള്‍
ഒരു വര്‍ഷം കുറഞ്ഞത് രണ്ടു സൂര്യഗ്രഹണമുണ്ടാകും പരമാവധി അഞ്ചും. ഒരു നൂറ്റാണ്ടിലുണ്ടാകുന്ന സമ്പൂര്‍ണ സൂര്യഗ്രഹണങ്ങളുടെ ശരാശരി എണ്ണം 66 ആണ്. ഒരു വര്‍ഷം ഉണ്ടാകുന്ന ചന്ദ്രഗ്രഹണങ്ങളുടെ എണ്ണവും സൂര്യഗ്രഹണങ്ങളുടെ എണ്ണവും കൂട്ടിയാല്‍ ആ സംഖ്യ ഏഴില്‍ കവിയുകയില്ല.

ഭൂമിയില്‍ ഏതെങ്കിലുമൊരു സ്ഥലമെടുക്കുക. ഏതാണ്ട് 360 വര്‍ഷത്തെ ഇടവേളകളിലേ ആ പ്രത്യേക സ്ഥലത്ത് സമ്പൂര്‍ണ സൂര്യ ഗ്രഹണമുണ്ടാകൂ. സൂര്യനും ചന്ദ്രനും നമ്മുടെ കണ്ണില്‍ ഒരേ കോണ്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് സൂര്യനെ ചന്ദ്രന് പൂര്‍ണമായും മറയ്ക്കാന്‍ കഴിയുന്നത്. ഇത് എത്ര നാള്‍ കൂടി തുടരുമെന്ന കാര്യം സംശയമാണ്. കാരണം ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകന്നുകൊണ്ടേയിരിക്കുകയാണ്.

കുറേ കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറെ അകലെയാകും. അപ്പോള്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കാന്‍ ചന്ദ്രന് കഴിയാതെയാകും. അന്ന് ഭൂമിയില്‍ മനുഷ്യരുണ്ടെങ്കില്‍ അവര്‍ക്ക് പൂര്‍ണ സൂര്യഗ്രഹവും മുത്തുമാലയും വജ്രമോതിരവും ഒന്നും കാണാന്‍ പറ്റില്ല. സംശയിക്കേണ്ട ഇതെല്ലാം കാണാന്‍ സാധിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്.

Related post