• July 31, 2021

വീരപോരാട്ടങ്ങളുടെ ചൂടുമായി മാമാങ്കത്തിലെ ഗാനം

 വീരപോരാട്ടങ്ങളുടെ ചൂടുമായി മാമാങ്കത്തിലെ ഗാനം

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ പുതിയ ഗാനം എത്തി. പോരാട്ട വീര്യം നിറയ്ക്കുന്ന ഗാനം ഇതിനോടകംതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്‌റെ അണിയറ പ്രവര്‍ത്തകരാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. വേണു കുന്നപ്പിള്ളി നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം

നിര്‍വഹിച്ചിരിക്കുന്നത്. വി.എഫ്. എക്സ് നിര്‍വഹിച്ചിരിക്കുന്നത് എം. കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. നിര്‍മ്മാണ ചെലവ് അഞ്ച് കോടി കടന്നു. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നാണ്.
കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

Related post