• October 17, 2021

തലമറന്ന് എണ്ണതേക്കരുത്! പ്രവാസികൾക്കെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സ്പീക്കർ

 തലമറന്ന് എണ്ണതേക്കരുത്! പ്രവാസികൾക്കെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സ്പീക്കർ

ജനമധ്യത്തിൽ നിന്നുപ്രവർത്തിക്കുന്ന നേതാവായതിനാൽ അവരുടെ ‘പൾസ്‌’ നന്നായി അറിയുന്ന ഒരാളാണ് പൊന്നാനിയിൽ നിന്നുള്ള നിയമസഭാ സാമാജികനും അസംബ്ലി സ്‌പീക്കറുമായ പി ശ്രീരാമകൃഷ്ണൻ. ബഹുജനങ്ങളിലേക്ക് എത്തിച്ചേരാൻ പരമ്പരാഗത സമ്പർക്കരീതികൾക്കൊപ്പം സമൂഹമാധ്യമങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്താറുണ്ട്. കൊറോണാവ്യാപനവിഷയത്തിൽ അതതു ഘട്ടങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങളുമായി അദ്ദേഹം വന്നിട്ടുമുണ്ട്. പ്രവാസികൾക്കെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് തന്റെ പുതിയ വിഡിയോയിൽ ശ്രീരാമകൃഷ്ണൻ സൂചിപ്പിക്കുന്നത്.

ശ്രീരാമകൃഷ്ണന്റെ വാക്കുകൾ:
ലോകമാകെ കോവിഡ് -19  സൃഷ്ടിക്കുന്ന ആശങ്കയിലും ഭയത്തിലുമാണ്. എല്ലാവരും ഒത്തൊരുമയോടുകൂടിനിന്ന് ഈ വിപത്തിനെ നേരിടേണ്ട സന്ദർഭം. കേരളം ശക്തമായ ഇടപെടലാണ് ഈ വിഷയത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചിലർ, നമ്മുടെ നാട്ടിൽ ഈ മഹാമാരി വരാനിടയായത് പ്രവാസികൾ കാരണമാണെന്ന മട്ടിൽ നവമാധ്യമങ്ങളിൽ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്.  ഇത് പ്രവാസികൾക്കെതിരായ പ്രചാരണം ആകുന്നതിന്റെ മുഖലക്ഷണം കാണാം. ഒരുകാരണവശാലും ഇത് ശരിയല്ല . നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് പ്രവാസികളാണ്. കേരളത്തിൽ കൊറോണ നിരീക്ഷണത്തിലിരിക്കുന്നവരുടെയും രോഗികളുടെയും എണ്ണം കൂടാൻ കാരണം സംസ്ഥാനം അവരെയെല്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നു എന്നതിനാലാണ്. ആരും നോക്കുന്നില്ലെങ്കിൽ ഇതൊന്നുമറിയില്ല. അതിനു പ്രവാസികളെ കുറ്റം പറയാൻ സാധിക്കില്ല. അവർക്കിടയിൽ ഒന്നോ രണ്ടോ ആൾക്കാർ സർക്കാർ പറയുന്നത് കേൾക്കാതെ കാര്യങ്ങൾ നീക്കിയിട്ടുണ്ടാകാം. എന്നാൽ നാട്ടിലുള്ള എത്രയോ കൂടുതൽ ആൾക്കാർ നിർദേശങ്ങൾ ലംഘിക്കുകയും ഈ അവസ്ഥയ്ക്ക് കാരണക്കാർ ആയിട്ടുമുണ്ടാകാം. ഇതിനെ പ്രവാസി സമൂഹത്തെ ഒന്നാകെ കുറ്റപ്പെടുത്താനുള്ള അവസരമായി ചില സഹോദരന്മാർ കാണുന്നത് വേദനാജനകമാണ്. കേരളത്തിൽ സമ്പത്തുത്പാദനത്തിനുള്ളത് മനുഷ്യവിഭവശേഷിയുടെ മഹാസംഭരണിയാണ്. പ്രവാസികളുടെ പണമാണ് നമ്മുടെ കരുത്ത്. അവരില്ലെങ്കിൽ കേരളമില്ല… നമ്മുടെ ജീവിതവുമില്ല. ബൗദ്ധിക നേതൃത്വത്തിന്റെ കാര്യത്തിലും അവർ വളരുകയാണ്. അതുകൊണ്ട് പ്രവാസികൾക്കെതിരായ കുപ്രചരണം തുടർന്നുകൊണ്ട് പോകരുത്; അവസാനിപ്പിക്കണം. 

Related post