• November 27, 2021

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; ശ്രീലങ്കയുടെ ക്രിക്കറ്റ് താരം അറസ്റ്റില്‍

 കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; ശ്രീലങ്കയുടെ ക്രിക്കറ്റ് താരം അറസ്റ്റില്‍

 കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ. കൊളംബോയിലെ പാനാദുരയിൽവെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64-കാരനായ വഴിയാത്രക്കാരൻ മരിച്ചത്. താരത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കുശാൽ മെൻഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ 2995 റൺസും ഏകദിനത്തിൽ 2167 റൺസും 25-കാരന്റെ അക്കൗണ്ടിലുണ്ട്. 26 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 484 റൺസും നേടി. കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ശ്രീലങ്കൻ ടീമിന്റെ ക്യാമ്പിൽ കുശാലമുണ്ടായിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ലങ്കൻ പര്യടനം അടക്കമുള്ള മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഓരോ വർഷവും വാഹനാപകടങ്ങളിൽ ലങ്കയിൽ 3000-ത്തിൽ അധികം ആളുകളാണ് കൊല്ലപ്പെടുന്നത്. 2003-ൽ ലങ്കയുടെ മുൻ സ്പിൻ ബൗളർ കുശാൽ ലോകൗറാച്ചിയെ പോലീസ് വാഹനപകടക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ലോകൗറാച്ചിയുടെ കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിലായിരുന്നു ഇത്. തുടർന്ന് താരത്തെ നാല് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

Related post