• October 23, 2021

സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

 സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സഹകരണ ബാങ്കുകൾ വഴിയാകും തുക വീട്ടിലെത്തിക്കുക. ബാങ്കുകളിൽ നേരിട്ടെത്തിയും പെൻഷൻ കൈപ്പറ്റാം. എന്നാൽ ബാങ്കുകളിൽ തിരക്ക് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇതോടൊപ്പം ഭക്ഷണം വീടുകളിലെത്തിക്കുന്ന സമൂഹപാചകശാല (കമ്യൂണിറ്റി കിച്ചൻ) പദ്ധതിയും കൂടുതൽ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനാകാത്തവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ പാകം ചെയ്ത ഭക്ഷണം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും എത്രപേർക്കാണ് ഭക്ഷണം ഒരുക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കുകയും അത്രയും പേർക്ക് വേണ്ട ഭക്ഷണം എത്തിക്കുകയും വേണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാൽ അത്തരം കുടുംബങ്ങൾക്ക് ബന്ധപ്പെടാനും ഭക്ഷണം ആവശ്യപ്പെടാനും ഒരു ടെലിഫോൺ നമ്പർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനസേവനത്തിനിറങ്ങുന്നവർ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി, സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാധിക്കാത്തവർക്കായി സമൂഹപാചകശാലകൾ, ട്രാൻസ്‌ജെൻഡറുകൾക്ക് പാർപ്പിടം എന്നിവ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികളിൽ ചിലതാണ്.

Related post