• June 15, 2021

സഞ്ചാരത്തിന്റെ ‘റൂട്ട് മാപ്പ്’ അഥവാ യാത്രയുടെ കഥ

 സഞ്ചാരത്തിന്റെ ‘റൂട്ട് മാപ്പ്’ അഥവാ യാത്രയുടെ കഥ

യാത്ര കൂടാതെ മനുഷ്യനില്ല, ചരിത്രത്തിലാദ്യമായി ‘യാത്ര ‘മനുഷ്യന് ഭീഷണിയാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ ‘യാത്ര’. എന്നായിരുന്നു മനുഷ്യന്‍ ഈ യാത്ര തുടങ്ങിയത്?

മനുഷ്യന്റെ സ്വാഭാവികവും അടിസ്ഥാന പരവുമായ കാല്‍ നടയാത്രയില്‍ നിന്നാണു ഗതാഗതത്തിന്റെ കഥ തുടങ്ങുന്നത്. കായ്കനികള്‍ ഭക്ഷിച്ചും മൃഗങ്ങളെ വേട്ടയാടിയും ജീവിച്ച ആദിമമനുഷ്യന്, ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ നടപ്പു മാത്രമായിരുന്നു ഏക മാര്‍ഗം. എന്തെങ്കിലും കൊണ്ടു പോകണമെങ്കില്‍ അതും ചുമന്നുകൊണ്ടു വേണമായിരുന്നു നടക്കാന്‍. ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തം എന്നു വിശേഷിപ്പിക്കാവുന്ന ചക്രത്തിന്റെ വരവോടെയാണ് ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത്. ഇന്ന് കാണുന്ന തരത്തിലുള്ള ചക്രങ്ങള്‍ നിര്‍മ്മിച്ചത് സുമേറിയന്മാരാണ് (ബിസി 5000മുതല്‍ 2000വരെ ). ചക്രങ്ങള്‍ ഘടിപ്പിച്ച ആദ്യ വാഹനങ്ങള്‍ വലിക്കാന്‍ ആദ്യം ഉപയോഗപ്പെടുത്തിയ മൃഗം കുതിരയാണ്.മനുഷ്യന്റെ ആദ്യ വാഹനം സ്ലെഡ്ജ് ആണെന്ന് പറയപ്പെടുന്നു. സാധനങ്ങള്‍ ആയാസരഹിതമായി വലിച്ചു കൊണ്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിച്ചതിന്റെ ഫലമാകാം സ്ലെഡ്ജിന്റെ ഉത്ഭവം. മാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട റെയ്ന്‍ ഡിയറുകള്‍ മഞ്ഞിന്‍ മുകളിലൂടെ വലിക്കുന്ന വാഹനമായ സ്ലെഡ്ജ് ബിസി 7000ല്‍ ഉപയോഗത്തില്‍ വന്നതാണെന്ന് കരുതപ്പെടുന്നു.റെയ്ന്‍ ഡിയറിന്റെ പിന്നാലെ മനുഷ്യന്റെ യാത്രാ സഹായിയായി എത്തിയ മൃഗം ഒട്ടകമാണ്. ഹിമപ്രദേശങ്ങളില്‍ റെയ്ന്‍ ഡിയറും മരുഭൂമിയില്‍ ഒട്ടകവും മനുഷ്യന് ഉപകരിച്ചപ്പോള്‍ പച്ചപ്പുള്ള സമതല പ്രദേശങ്ങളില്‍ സഹായത്തിനെത്തിയതു കഴുതകളായിരുന്നു.ബിസി 5000മുതല്‍ മനുഷ്യന്‍ കഴുതകളെ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിനും തെളിവുണ്ട്. കഴുതയ്ക്ക് പിന്നാലെ കാളയും മനുഷ്യനെ സേവിക്കാനെത്തി.

ചരിത്രത്തിന്റെ ആദ്യകാലം തൊട്ടു തങ്ങള്‍ക്കു തുണയായി കിട്ടിയ ഈ മൃഗങ്ങളെ ആധുനിക കാലഘട്ടത്തിലും മനുഷ്യനു കൈവിടാന്‍ കഴിഞ്ഞില്ല എന്നതു വിചിത്രം തന്നെ.ജെയിംസ് വാട്ടിന്റെ ആവിയന്ത്രത്തിന് 1769ല്‍ പേറ്റന്റ് ലഭിച്ചതോടെയാണ് റോഡ് ഗതാഗത രംഗത്തു വന്‍മാറ്റങ്ങള്‍ ഉണ്ടായത്. കുതിര വണ്ടികള്‍ കൈയടക്കിയിരുന്ന നിരത്തുകള്‍ അതോടെ സ്വയം ചലിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ കീഴടക്കാന്‍ തുടങ്ങി.ഫ്രാന്‍സിലെ നിക്കോളാസ് ജോസഫ് കുഗ്നോട് 1769ല്‍ നിര്‍മിച്ച മുച്ചക്ര വാഹനമാണ് ഈ നിരയില്‍ ഒന്നാമന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്ക് ആവിയന്ത്രത്തിനു പകരം ഗ്യാസ് എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ലിയോണ്‍ പോള്‍ ചാള്‍സ് മലാണ്ടിന്‍ എന്ന ഫ്രഞ്ചുകാരന്‍ നിര്‍മിച്ചതാണ് ഈ ഗണത്തില്‍ പെടുന്ന ആദ്യ വാഹനം.ജര്‍മ്മന്‍കാരായ കാള്‍ബെന്‍സ് 1885ലും ഗോട്ട് ലീബ് ഡൈംലര്‍ 1886ലും പെട്രോള്‍ എഞ്ചിനുകള്‍ നിര്‍മിച്ചു കൊണ്ട് ഈ രംഗം കീഴടക്കി.1891ല്‍ ഫ്രഞ്ചുകാരനായ എമിലി ലാവാസറും റെനേ പാന്‍ഗാര്‍ഡും ചേര്‍ന്നാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള ആധുനിക വാഹനങ്ങള്‍ രൂപകല്പന ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ റെയില്‍വേ നിലവില്‍ വന്നു. പക്ഷേ ഇവയിലൂടെ ഓടിയിരുന്ന വാഗണുകള്‍ വലിച്ചിരുന്നത് കുതിരകള്‍ ആയിരുന്നു. കല്‍ക്കരി ഖനികളിലെ ആവശ്യത്തി നായിരുന്നു ഈ സൗകര്യം കൂടുതലും പ്രയോജനപ്പെടുത്തിയിരുന്നത്. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്ന ജോര്‍ജ് സ്റ്റീഫന്‍സണ്‍ 1829ല്‍ രൂപ കല്പന ചെയ്തു നിര്‍മിച്ച ‘റോക്കറ്റ്’ആണ് ഇന്നത്തെ തീവണ്ടിയുടെ മുന്‍ഗാമി. റെയില്‍ ഗതാഗതം ആദ്യം വികസിപ്പിച്ചത് ഇംഗ്ലണ്ടിലാണ്. ഫ്രാന്‍സില്‍ 1827ലും അമേരിക്കയില്‍ 1830 ലും ജെര്‍മനിയില്‍ 1835ലും റഷ്യയില്‍ 1836ലും ഇന്ത്യയില്‍1853 ലും റെയില്‍വേ ലൈനുകള്‍ നിലവില്‍ വന്നു. 1861മാര്‍ച്ച് 12ന് ഉദ്ഘാടനം ചെയ്യപ്പെട്ട ബേപ്പൂര്‍ -തിരൂര്‍ തീവണ്ടിപ്പാതയാണ് കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍.

പതിനെട്ടാം നൂറ്റാണ്ടില്‍ ബലൂണ്‍ കണ്ടു പിടിച്ചതോടെയാണ് വ്യോമ ഗതാഗതം യാഥാര്‍ഥ്യമായത്.ഫ്രഞ്ചുകാരായ ജോസഫ് മോണ്ട് ഗോള്‍ഡിഫിയറും സഹോദരനായ എറ്റിനെ മോങ് ഗോള്‍ഡിഫിയറും ആയിരുന്നു ആകാശ ബലൂണ്‍ നിര്‍മ്മാണത്തിന്റെ ഉപജ്ഞാതാക്കള്‍.പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഗ്ലൈഡറുകള്‍ രംഗത്തെത്തി.യന്ത്രമില്ലാത്ത വിമാനങ്ങളായിരുന്നു ഗ്ലൈഡറുകള്‍. 1891ല്‍ പൈലറ്റിന് നിയന്ത്രിക്കാന്‍ പറ്റുന്ന ആദ്യ ഗ്ലൈഡറിനു രൂപം നല്‍കി.ഗ്ലൈഡറുകള്‍ പരിഷ്‌കരിക്കാനുള്ള റൈറ്റ് സഹോദരന്മാരുടെ ശ്രമമാണ് വിമാനത്തിന്റെ കണ്ടു പിടിത്തത്തില്‍ കലാശിച്ചത്. 1903ഡിസംബര്‍ 17ന് ആണ് റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറത്തിയത്. രണ്ടാം ലോക മഹായുദ്ധത്തോടെ വിമാനങ്ങള്‍ കൂടുതല്‍ പരിഷ്‌കരിക്കാനുള്ള ശ്രമം തുടങ്ങി.1939ല്‍ ജര്‍മനി ആദ്യത്തെ ജെറ്റ് വിമാനം വിജയകരമായി പരീക്ഷിച്ചു.വെള്ളത്തിനടി യിലൂടെ യാത്ര ചെയ്യുന്നതിനുള്ള മുങ്ങികപ്പലുകളുടെ ആദ്യ മാതൃക വരച്ചതു പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചി ആയിരുന്നു. 1776ല്‍ ‘ടര്‍ട്ടില്‍’എന്ന പേരില്‍ ഡേവിഡ് ബുഷ് എന്ന അമേരിക്കക്കാരന്‍ വിജയകരമായി മുങ്ങിക്കപ്പല്‍ നിര്‍മിച്ചു.1880ല്‍ ജോര്‍ജ് വിക്രം ഗാരെറ്റ് ആവിയന്ത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങികപ്പല്‍ നിര്‍മിച്ചു. 1954ല്‍ അമേരിക്ക നിര്‍മിച്ച ‘യു എസ് എസ് നോട്ടിലസ് ‘ആയിരുന്നു ആണവോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മുങ്ങിക്കപ്പല്‍. മനുഷ്യന്റെ ആദ്യ ഗതാഗത മാധ്യമം വെള്ളമാണ്. വെറുമൊരു തടിക്കഷ്ണമായിരുന്നു ആദ്യത്തെ ജലവാഹനം. ഒഴുകുന്ന തടിക്കഷ്ണത്തില്‍ കയറി യാത്ര ചെയ്ത പണ്ടത്തെ മനുഷ്യന്‍ കൂടുതല്‍ തടിക്കഷ്ണങ്ങള്‍ കൂട്ടികെട്ടി, സുരക്ഷിത യാത്രയ്ക്കായി ചങ്ങാടങ്ങളും ഒരുക്കി. അതിപുരാതനകാലം മുതല്‍ക്കേ പല രാജ്യങ്ങളും ഒറ്റത്തടി വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ചെറുവള്ളങ്ങള്‍ മനുഷ്യന്‍ യാത്രക്കായി ഉപയോഗിച്ചപ്പോള്‍, കെട്ടുവള്ളങ്ങള്‍ ചരക്ക് ഗതാഗത്തിന് ഉപയോഗിച്ചു.ആധുനിക സൗകര്യങ്ങളോട് കൂടിയ ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും ഇതിന്റെ പിന്മുറക്കാരാണ്. ആദ്യത്തെ കപ്പലുകള്‍ പായ് കപ്പലുകള്‍ ആയിരുന്നു. കാറ്റിന്റെ സഹായത്തിലാണ് ഇവ സഞ്ചരിക്കുന്നത്. അണുശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ചരക്കു കപ്പലായ ‘സാവന്ന ‘1959ല്‍ പുറത്തിറങ്ങി. യാത്രാക്കപ്പല്‍, ചരക്കുകപ്പല്‍, ടാങ്കര്‍, നാവിക കപ്പല്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ മുന്നില്‍കണ്ടു നിര്‍മിക്കുന്ന കപ്പലുകളാണ് എന്ന് അധികവും ഉള്ളത്

.ഇന്ന് മനുഷ്യന്‍ ഭൂമിയും ശൂന്യാകാശവും കടന്ന് സൗരയൂഥത്തിലെ അന്യ ഗോളങ്ങളിലേക്കുള്ള യാത്രകളിലാണ്. ചന്ദ്രന്‍ കാല്‍ കീഴിലായിട്ടു അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അടുത്ത ലക്ഷ്യം ചൊവ്വയാണ്.ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടേ ഇരിക്കട്ടെ, മനുഷ്യന്റെ. ജൈത്രയാത്രയും യാത്രകള്‍ക്ക് തുടക്കമേ ഉള്ളു, ഒടുക്കം ഇല്ല.ഒരു ചൈനീസ് പഴമൊഴി ഓര്‍ത്തു പോവുന്നു. ‘ആയിരം കാതങ്ങള്‍ ഉള്ള യാത്രയും തുടങ്ങുന്നത് ആദ്യചുവടു വെച്ചുകൊണ്ടാണ്’…

Related post