• October 23, 2021

കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ്‌കളക്ടർക്ക് സസ്പെൻഷൻ

 കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ്‌കളക്ടർക്ക് സസ്പെൻഷൻ

കൊവിഡ് -19 സമ്പർക്കവിലക്കിൽ കഴിയവേ കടന്നുകളഞ്ഞ കൊല്ലം സബ്‌കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടർ ബി അബ്ദുൽ നാസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ വൈകീട്ടോടെയാണ് മിശ്ര നിരീക്ഷണം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയത്. ഈ മാസം 19 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്നലെ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലെ വീട്ടിൽ ആണെന്നാണ് അറിയിച്ചത്.
സംഭവത്തിൽ മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഉത്തരവിട്ടിരുന്നു. വിവരം മറച്ചു വെച്ച ഗൺമാനെതിരെയും ഡ്രൈവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട് . 2016 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് മിശ്ര.
അതേസമയം, കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയതെന്ന് സബ്‌കളക്ടർ വിശദീകരിച്ചു. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിട്ടതും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും തിരികെ പോകാൻ കാരണമായെന്ന് മിശ്ര പറഞ്ഞു.

Related post