• August 2, 2021

ദേശീയ ചലച്ചിത്ര അവാര്‍ഡ് ”സുഡാനി ഫ്രം നൈജീരിയ ”ടീം ബഹിഷ്‌കരിക്കും

 ദേശീയ ചലച്ചിത്ര അവാര്‍ഡ് ”സുഡാനി ഫ്രം നൈജീരിയ ”ടീം ബഹിഷ്‌കരിക്കും


പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങ് ‘സുഡാനി ഫ്രം നൈജീരിയ ടീം ബഹിഷ്‌കരിക്കും. കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. 23ന് ഡല്‍ഹിയിലാണ് പുരസ്‌കാര വിതരണം.

പൗരത്വ ഭേദഗതി, എന്‍ആര്‍സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവാര്‍ഡ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ സക്കരിയ വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കതിരെ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ബഹിഷ്‌കരണത്തെ കാണുന്നതെന്നും സക്കരിയ വ്യക്തമാക്കി.
സഹ തിരക്കഥാകൃത്ത് മുഹസിന്‍ പരാരി, നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി ചടങ്ങ് ബഹിഷ്‌കരിക്കുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ബഹിഷ്‌കരണത്തിന് പിന്തുണയറിയിച്ച് നടി റിമ കല്ലിങ്കലും,പാര്‍വ്വതിയും രംഗത്തെത്തി. സമാധാനപൂര്‍ണമായ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മികച്ച ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ സിനിമ നേടി. സൗബിന്‍ സാഹിര്‍ മികച്ച നടന്‍, സക്കരിയ മികച്ച നവാഗത സംവിധായകന്‍, സാവിത്രി, സരസ ബാലുശ്ശേരി മികച്ച സ്വഭാവ നടിമാര്‍, മികച്ച തിരക്കഥ തുടങ്ങിയ അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.. 23ന് ഡല്‍ഹിയിലാണ് പുരസ്‌കാര വിതരണം.

Related post