• May 15, 2021

വൈറലായി സ്‌റ്റെല്‍ മന്നന്‌റെ ‘ചുമ്മാ കിഴി’

 വൈറലായി സ്‌റ്റെല്‍ മന്നന്‌റെ ‘ചുമ്മാ കിഴി’

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദര്‍ബാറിലെ ‘ചുമ്മാ കിഴി’ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്ത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട പാട്ട് നേരത്തെ തന്നെ തരംഗമായിക്കഴിഞ്ഞു. പാട്ട് എഴുതിയിരിക്കുന്നത് വിവേകാണ്. എസ്പി ബാലസുബ്രഹ്മണ്യവും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. രജനികാന്ത് 25 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തും എആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് ദശലക്ഷം ആളുകള്‍ ഇപ്പോള്‍ തന്നെ പ്രോമോ കണ്ടുകഴിഞ്ഞു.

എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക വേഷത്തിലെത്തുന്നത്. 1992ല്‍ മുരുകദോസ് സംവിധാനം ചെയ്ത പാണ്ഡ്യയനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ദര്‍ബാര്‍. മാസും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ചന്ദ്രമുഖി, കുചേലന്‍, ശിവാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘ദളപതി’യ്ക്ക് ശേഷം രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിന് സ്വന്തം. 2020ല്‍ പൊങ്കലിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. നിവേദാ തോമസ്, സുനില്‍ ഷെട്ടി, യോഗി ബാബു, തമ്പി രമൈയ, ശ്രീമന്‍, പ്രതീക് ബാബര്‍, ജതിന്‍ സര്‍ണ, നവാബ് ഷാ, ദലിപ് താഹില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Related post