• October 23, 2021

പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

 പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

കൊറോണ വൈറസ് വ്യാപനത്തിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

യാത്രാനുമതി നല്‍കുന്നത് ലോക് ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടങ്ങളില്‍ തുടരുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ഇപ്പോള്‍ യാത്ര അനുവദിച്ചാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

എം.കെ രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്

Related post