• August 3, 2021

അയോധ്യ കേസ് : പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

 അയോധ്യ കേസ് :  പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തള്ളി. ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഇരുപക്ഷത്തുനിന്നും 18 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചേംബര്‍ തള്ളിയത്. ഇനി തിരുത്തല്‍ ഹര്‍ജിക്ക് മാത്രമാണ് സാധ്യത. അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും വിധിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40-ന് ചേര്‍ന്ന ബെഞ്ചാണ് രണ്ടര മണിക്കൂറോളം ഹര്‍ജികള്‍ പരിഗണിച്ചത്. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ കേള്‍ക്കണമോ എന്നതായിരുന്നു ആദ്യം പരിഗണിച്ചത്. അയോധ്യ കേസില്‍ നേരത്തെ ഉന്നയിക്കപ്പെടാതിരുന്ന എന്തെങ്കിലും പുതിയ വാദങ്ങള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ഉണ്ടോ എന്ന കാര്യമാണ് പിന്നീട് പരിശോധിച്ചത്. എന്നാല്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹര്‍ജികള്‍ തള്ളാന്‍ കോടതി തീരുമാനിച്ചത്.

Related post