• July 28, 2021

നിര്‍ഭയ കേസ് :പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

 നിര്‍ഭയ കേസ് :പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നീ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാന്‍ ഡല്‍ഹി പട്യാലഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്.തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് പ്രതികള്‍ക്ക് മുമ്പിലുള്ള അവസാനത്തെ വഴി. മറ്റ് നിയമ തടസ്സങ്ങളൊന്നുമില്ലെങ്കിൽ വിധി 22 ന് തന്നെ നടപ്പിലാക്കും. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു .

കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ഷയ് സിംഗ്, , പവന്‍ ഗുപ്ത, എന്നിവര്‍ക്കും തിരുത്തൽ ഹര്‍ജി നല്‍കാനുള്ള നിയമസാധുതയുണ്ട്. . 2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിച്ചു.

Related post