• October 18, 2021

തെലങ്കാന വെടിവെപ്പ്; സുപ്രീംകോടതി നേതൃത്വത്തില്‍ അന്വേഷണം

 തെലങ്കാന വെടിവെപ്പ്; സുപ്രീംകോടതി നേതൃത്വത്തില്‍ അന്വേഷണം

തെലങ്കാന വെടിവെപ്പ് അന്വേഷിക്കുന്നു. അന്വേഷണത്തിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിര്‍ദേശിക്കാന്‍ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. വിവിധ പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെടല്‍.


വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വിഷയം വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. പോലീസ് ഏറ്റുമുട്ടലിനെതിരെ സുപ്രീം കോടതിയില്‍ ലഭിച്ച രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്.


അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ്, എം.എല്‍ ശര്‍മ എന്നിവരാണ് രണ്ടു പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കേസ് അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്ന തെലങ്കാനയിലെ ബലാത്സംഗക്കൊലയിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ ഡല്‍ഹിയിലുള്ള ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും ഈ ജഡ്ജി ആരായിരിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയം തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്ന വിവരം അറിഞ്ഞതായും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് എസ് എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.

Related post