• October 22, 2021

കോവിഡ് -19 : ഗുരുതരാവസ്ഥയെ നേരിടാൻ സാങ്കേതികവിദ്യയുടെ തുണതേടി കേരളം

 കോവിഡ് -19 : ഗുരുതരാവസ്ഥയെ നേരിടാൻ സാങ്കേതികവിദ്യയുടെ  തുണതേടി കേരളം

കൊറോണ വൈറസ് മഹാമാരിയെ കേരളം കൈമെയ്യ് മറന്നു നേരിട്ടുകൊണ്ടിരിക്കുകയാണ്. രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുന്ന പുതിയ സാഹചര്യത്തിൽ ഉടലെടുത്തേക്കാവുന്ന ഏറ്റവും മോശം അവസ്ഥയെ നേരിടാൻകൂടി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
സ്ഥിതിഗതികൾ നന്നായി വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നൂറുകണക്കിന് കമ്പ്യൂട്ടർ പ്രോഗ്രാം കോഡർമാർ, ഡാറ്റാ അനലിസ്റ്റുകൾ, സോഫ്റ്റ്‌വെയർ വിദഗ്ധർ, ഡോക്ടർമാർ, പാരാമെഡിക്സ്, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്ന ഒരു ‘സൈന്യം’ ഒരു ‘ടെക് നോഡ്’ നിർമ്മിക്കുകയാണെന്ന് പദ്ധതിയുടെ ഭാഗമായ രണ്ടുപേർ പറഞ്ഞതായി ‘മിന്റ്’ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഒരു പ്രദേശത്തുണ്ടാകാവുന്ന രോഗികളുടെയും മരണങ്ങളുടെയും എണ്ണം, നിലവിലുള്ള വെന്റിലേറ്ററുകൾ, ആംബുലൻസുകൾ എന്നീ സംരക്ഷണസംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, ഭാവിയിൽ ആവശ്യമായ പ്രതിരോധസംവിധാനം എന്നിവയെല്ലാം ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇവർ കണക്കുകൂട്ടും.
ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ‘കൊറോണ സേഫ് നെറ്റ്‌വർക്ക് ‘ എന്ന ഈ ഓപ്പൺ സോഴ്സ് പ്രോജക്റ്റ്, മുഖ്യമന്ത്രി പിണറായി വിജയന് ഇരുപതോളം വെബ് ആപ്ലിക്കേഷനുകളുടെ ഒരു ഡാഷ്ബോർഡ് സൗകര്യമൊരുക്കും. ഇത് മുഖേന ആശുപത്രികളെയും താത്കാലിക ഐസൊലേഷൻ പോയിന്റുകളായ കൊറോണ കെയർ സെന്റേഴ്സിനെയും വൈദ്യവിഭവങ്ങളെയും സന്നദ്ധപ്രവർത്തകരെയും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും. കേരളത്തിന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം ജില്ലയിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഇന്നാരംഭിക്കും.
ആശുപത്രി ബെഡ് വിനിയോഗം, കൊറോണ കെയർ സെന്ററുകളുടെ ശേഷി വിനിയോഗം, ഇൻവെന്ററി, സന്നദ്ധപ്രവർത്തകരുടെ നിയന്ത്രണം, രോഗികളുടെ എണ്ണം, ഫുഡ് ഡെലിവറി മേൽനോട്ടം , ആംബുലൻസ് നെറ്റ്‌വർക്ക് എന്നിവയെപ്പറ്റിയുള്ള തത്സമയ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. എന്നാൽ പരിഭ്രാന്തി ഒഴിവാക്കാനായി കേസുകളുടെ എണ്ണം, മരണസാധ്യത എന്നിവയുടെ വിവരങ്ങൾ പുറത്തുവിടില്ല.
“ഞാൻ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല” എന്നായിരുന്നു സാധ്യതകൽപ്പിക്കപ്പെടുന്ന മരണസംഖ്യയെപ്പറ്റി ചോദിച്ചപ്പോൾ പദ്ധതിയുടെ ഭാഗമായ ഒരാൾ പ്രതികരിച്ചത്. ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
“ഒരിക്കലും ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ടി വരില്ല എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. എന്നാൽ സാഹചര്യം ഏറ്റവും മോശം ആകുന്നപക്ഷം സർക്കാർ കമ്പ്യൂട്ടർ സേവനശൃംഖലയുടെ ക്രമീകരണം മുതൽ ആംബുലൻസ്, ഐസൊലേഷൻ മുറികൾ മുതലായ അടിയന്തരസേവനങ്ങളുടെ നടത്തിപ്പിനുവരെ ഒരുകൂട്ടം ആപ്ലിക്കേഷനുകളുടെ വിപുലമായ ഉപയോഗം വേണ്ടിവരും.
നിലവിൽ ഡാറ്റയും അവയുടെ പ്രോട്ടോക്കോളും ക്രമപ്പെടുത്തിയിട്ടില്ല. ഇത് ഏകീകരിച്ച് വലിയ തോതിൽ പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.
ആശുപത്രികിടക്കകൾ, വെന്റിലേറ്റർ സൗകര്യങ്ങൾ, ആംബുലൻസുകൾ, ബ്ലഡ് ബാങ്കുകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള വെബ് ആപ്ലിക്കേഷനുകൾ ഉണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ രൂപകൽപ്പന പൂർത്തിയാകും” അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 30,000 ആശുപത്രി കിടക്കകളോടുകൂടിയുള്ള, ആഗോളതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ട, സംസ്ഥാനത്തെ ആരോഗ്യമേഖലയാണ് നിലവിൽ വൈറസിനെതിരായ മുൻനിര പ്രതിരോധം തീർക്കുന്നത്.
സംസ്ഥാനത്തെ കൊറോണ പ്രതിരോധ നടപടികൾ നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും മാർച്ച് 26 നു സെക്രട്ടറിയേറ്റിൽ മുഴുവൻ സമയ വാർറൂം തുറന്നിരുന്നു. കെ. ഇളങ്കോവന് ഐ.എ.എസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന്റെ സൗത്ത് കോൺഫറൻസ് ഹാളിലാണ് വാർറൂം പ്രവർത്തിക്കുന്നത്.
പി.ഐ.ശ്രീവിദ്യ ഐ.എ.എസ്., ജോഷ് മൃണ്മയി ശശാങ്ക് ഐ.എ.എസ്., ഹരിത വി.കുമാർ ഐ.എ.എസ്., എസ്. ചന്ദ്രശേഖർ ഐ.എ.എസ്. എന്നിവരാണ് മറ്റ് അംഗങ്ങൾ . ഇവർ ഷിഫ്റ്റ് അടിസ്ഥനത്തിൽ വാർറൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഒരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തിരിച്ചറിയാനും അവയുടെ വ്യാപനത്തിന്റെ സ്വഭാവം പ്രവചിക്കാനും കഴിയും എന്ന് ഓസ്ട്രേലിയൻ ന്യൂസ് വെബ്സൈറ്റ് ആയ IT brief പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് ചൈനയ്ക്കു മുമ്പുതന്നെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കണ്ടുപിടിക്കാൻ കനേഡിയൻ സ്റ്റാർട്ടപ്പ് ആയ ‘ബ്ലൂഡോട്ടി’ നു കഴിഞ്ഞതായി സൈറ്റ് പറയുന്നു.
രോഗസാധ്യത പ്രവചിക്കാൻ വാർത്താ റിപ്പോർട്ടുകൾ, സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ, സർക്കാർ രേഖകൾ എന്നിങ്ങനെ ഒന്നിലധികം ഉറവിടങ്ങളെ അതിന്റെ AI അൽഗോരിതം വിശകലനം ചെയ്തിരുന്നത്രെ.

Related post