• October 23, 2021

തകരുന്ന സാമ്പത്തികരംഗം തിരിച്ചു പിടിക്കാം, നഷ്ടപ്പെടുന്ന ജീവനുകള്‍ തിരിച്ചുകിട്ടില്ല, ലോക്ക് ഡൗണ്‍ നീട്ടണം: ചന്ദ്രശേഖര റാവു

 തകരുന്ന സാമ്പത്തികരംഗം തിരിച്ചു പിടിക്കാം, നഷ്ടപ്പെടുന്ന ജീവനുകള്‍ തിരിച്ചുകിട്ടില്ല, ലോക്ക് ഡൗണ്‍ നീട്ടണം: ചന്ദ്രശേഖര റാവു

പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിച്ചാലും തെലങ്കാനയില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ദേശീയതലത്തിലെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചന്ദ്രശേഖര റാവു വ്യക്തമാക്കി. ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ നമ്മുടെ സാമ്പത്തികരംഗം നമ്മുക്ക് പതിയെ തിരിച്ചു പിടിക്കാം. എന്നാല്‍ കൊവിഡ് ബാധിച്ച് നഷ്ടപ്പെടുന്ന ജീവനുകളെ തിരിച്ചു കിട്ടാന്‍ ഒരു മാര്‍ഗവുമില്ല. രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൊവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ മാത്രമാണ് പ്രതിവിധി. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 14-ന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ലോക്ക് ഡൗണ്‍ നീട്ടുന്നതാണ് ഉചിതം – ചന്ദ്രശേഖര റാവു പറഞ്ഞു.

അതേസമയം ഏപ്രില്‍ 14-ന് ദേശീയ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തെലങ്കാനയില്‍ ഒന്നോ രണ്ടോ ആഴ്ച കൂടി ലോക്ക് ഡൗണ്‍ തുടരുമെന്നും ചന്ദ്രശേഖരറാവു സൂചന നല്‍കി. ജൂണ്‍ മൂന്ന് വരെ തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അതു തെറ്റാണെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ നീക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ സമിതി ജൂണ്‍ മൂന്ന് വരെ നിയന്ത്രണങ്ങള്‍ വയ്ക്കണമെന്ന് നിര്‍ദേശിച്ചുവെന്ന് റാവു പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related post